
ബെംഗളൂരുവിൽ മലയാളികൾ ഉൾപ്പടെ 100 കണക്കിനു നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയുമായി ചിട്ടിക്കമ്പനി ഉടമകളായ മലയാളി ദമ്പതിമാർ മുങ്ങി. ബെംഗളൂരു രാമമൂർത്തിനഗറിൽ 25 വർഷമായി പ്രവർത്തിച്ചുവരുന്ന എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണ് നാടുവിട്ടത്. ഇവരുടെപേരിൽ രാമമൂർത്തി നഗർ പൊലീസ് കേസെടുത്തു. ബുധനാഴ്ച മുതൽ ഇവരെ കാണാതായി എന്നാണ് പരാതി. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണത്രേ. ഫോൺ സ്വിച്ച് ഓഫാണ്.
ചിട്ടിക്കമ്പനി ഓഫീസിലെ ജീവനക്കാർക്ക് ഇവരെപ്പറ്റി വിവരമില്ലെന്നു പറയുന്നു. തുടർന്നാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്. രാമമൂർത്തിനഗർ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പരാതി നൽകിയത്. തനിക്കും ഭാര്യക്കും റിട്ടയർമെന്റ് ആനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുൾപ്പെടെ 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചതായി പരാതിയിൽ പറഞ്ഞു. ഈ പണവുമായാണ് ഉടമകൾ മുങ്ങിയതെന്നും ആരോപിച്ചു.

കൂടുതൽ നിക്ഷേപകർ പോലീസ് സ്റ്റേഷനിലെത്തി. ഞായറാഴ്ചയോടെ 265 പേർ പരാതിയുമായെത്തിയെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞു. 100 കോടിയോളം രൂപയുടെ തട്ടിപ്പുനടത്തിയതായി സംശയിക്കുന്നു. പണം നഷ്ടമായവരിൽ ഭൂരിഭാഗവും മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്തതിനാലാണ് ചിട്ടിയിലും നിക്ഷേപപദ്ധതികളിലും ഇത്രയധികം നിക്ഷേപമുണ്ടായത്.