
തൃശൂര്‍: ഗുണ്ടാ ആക്രമണം തടയാന്‍ നേതൃത്വം നല്‍കിയ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റോഡിനു കമ്മിഷണറുടെ പേരു നല്‍കി നാട്ടുകാര്‍. നെല്ലങ്കര നിവാസികളാണ് കമ്മിഷണര്‍ ആര്‍ ഇളങ്കോയുടെ പേര് റോഡിനു നല്‍കിയത്. ‘ഇളങ്കോ നഗര്‍ – നെല്ലങ്കര’ എന്ന ബോര്‍ഡും സ്ഥാപിച്ചു. ബോര്‍ഡ് നീക്കം ചെയ്യാന്‍ സ്നേഹപൂര്‍വം പൊലീസ് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് പിന്നീട് ബോര്‍ഡ് മാറ്റി.
പിറന്നാളാഘോഷ ലഹരിപ്പാര്‍ട്ടിയില്‍ ഒത്തുകൂടിയ ഗുണ്ടാസംഘം തമ്മിലടിച്ച ശേഷം പൊലീസിനെ ആക്രമിക്കുകയായിരുന്നു. 3 പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. എസ്ഐ അടക്കം 5 പൊലീസുകാര്‍ക്കു പരുക്കേറ്റു. രണ്ടു കൊലപാതകക്കേസുകളില്‍ പ്രതിയായ കാപ്പാ കുറ്റവാളി മൂര്‍ക്കനിക്കര പടിഞ്ഞാറേ വീട്ടില്‍ ബ്രഹ്‌മജിത്ത് അടക്കമുള്ളവരെ പൊലീസ് പിടികൂടി.

നെല്ലങ്കരയില്‍ പൊലീസിനെ ആക്രമിച്ച ഗുണ്ടകളെ ‘കൈകാര്യം’ ചെയ്ത് അഴിക്കുള്ളിലാക്കിയ ശേഷം കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ പേരില്‍ പൊലീസ് ഇറക്കിയ പോസ്റ്റര്‍ തരംഗമായിരുന്നു. ‘ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിച്ചു, പൊലീസ് പൊലീസിനെപ്പോലെ പ്രവര്‍ത്തിച്ചു’ എന്നായിരുന്നു പോസ്റ്ററിലെ വാചകം. ഗുണ്ടകള്‍ ഗുണ്ടകളായാല്‍ പൊലീസ് പൊലീസാകുമെന്ന കമ്മിഷണറുടെ പ്രതികരണത്തെ ആധാരമാക്കിയായിരുന്നു പോസ്റ്റര്‍. സംസ്ഥാനവ്യാപകമായി പൊലീസ് സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ പോസ്റ്റര്‍ തരംഗമായി.