Breaking NewsIndiaNEWS

ശുഭാംശു, ബഹിരാകാശത്തെത്തിയതിനു ശേഷം താങ്കൾക്കു ആദ്യം തോന്നിയത് എന്താണ്? പ്രധാനമന്ത്രി, ഇവി‌ടെ ഭൂമി ഒന്നാണ്, ഒരു അതിർത്തിയും കാണാനാകുന്നില്ല- ശുഭാംശു ശുക്ല

ന്യൂഡൽഹി: നാലു പതിറ്റാണ്ടിനുശേഷം ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ നിലയത്തിൽനിന്ന് വീഡിയോ സ്ട്രീമിങ്ങിലൂടെയാണ് ഇരുവരും തമ്മിൽ സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് ശുഭാംശുവിനോടു നരേന്ദ്ര മോദി പറഞ്ഞു. അതേസമയം ചരിത്രത്തിന്റെ ഒരാവർത്തനം തന്നെയായിരുന്നു ഈ സംവേദനം. 1984ൽ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേഷ് ശർമയുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ആശയ വിനിമയം നടത്തിയിരുന്നു.

മോദിയുടെ വാക്കുകൾ ഇങ്ങനെ-

Signature-ad

‘‘ശുഭാംശു.. താങ്കളിപ്പോൾ ജന്മഭൂമിയിൽനിന്നും ഭാരതഭൂമിയിൽനിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ മനസിന്റെ ഏറ്റവും അരികിലാണ് താങ്കളിപ്പോൾ. ‘ശുഭം’ എന്നത് താങ്കളുടെ പേരിലുമുണ്ട്. അതിനൊപ്പം തന്നെ താങ്കളുടെ യാത്ര പുതിയ യുഗത്തിന്റെ ശുഭാരംഭം കൂടിയാണ്. ഈ സമയം നമ്മൾ രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നതെങ്കിലും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും കൂടി നമുക്കൊപ്പം ചേരുകയാണ്. എന്റെ ശബ്ദത്തിൽ എല്ലാ ഇന്ത്യക്കാരുടെയും ആവേശം ഉൾച്ചേർന്നിരിക്കുന്നു. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ ഞാൻ താങ്കളെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്യുന്നു.’’

പിന്നാലെ ശുഭാംശുവിന്റെ സുഖവിവരങ്ങളും ആരോ​ഗ്യവും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. അവിടെയെല്ലാം ശരിയായി നടക്കുന്നില്ലേ? താങ്കളുടെ ആരോഗ്യം എങ്ങനെയുണ്ട് എന്നതായിരുന്നു ശുഭാംശുവിനോടുള്ള പ്രധാനമന്ത്രിയുടെ ആദ്യ ചോദ്യം. എല്ലാവരുടെയും പ്രാർഥനയുടെയും ആശീർവാദത്തിന്റെയും കാരണത്താൽ എല്ലാം നന്നായി പോകുന്നുവെന്നും നിലയത്തിൽ സുരക്ഷിതനാണെന്നും ശുഭാംശു മറുപടി പറഞ്ഞു. ഇതൊരു പുതിയ അനുഭവമാണെന്നും ശുഭാംശു കൂ‌ട്ടിച്ചേർത്തു.

ശുഭാംശുവിന്റെ വാക്കുകൾ ഇങ്ങനെ

‘‘ഇതൊരു പുതിയ അനുഭവമാണ്. ഈ യാത്ര എന്റേതു മാത്രമല്ല. നമ്മുടെ രാജ്യത്തിന്റേതു കൂടിയാണ്. നമ്മുടെ രാജ്യം വളരെ വേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുതിയ അനുഭവങ്ങളെ ഞാനൊരു ഒരു സ്പോഞ്ചിനെപ്പോലെ ആഗിരണം ചെയ്തു കൊണ്ടിരിക്കുകയാണ്. അൽപനേരം മുൻപ് ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ ഞങ്ങൾ ഹവായിക്ക് മുകളിലൂടെ പറക്കുകയായിരുന്നു. ഒരു ദിവസം ഞങ്ങൾ 16 തവണ സൂര്യോദയവും അസ്തമയവും കാണുന്നു.’’

അതേസമയം ബഹിരാകാശത്തെത്തിയതിനു ശേഷം ആദ്യം തോന്നിയത് എന്തെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തോട് ‘ഇവിടെ അതിർത്തികളൊന്നും കാണാനില്ല’ എന്നതായിരുന്നു ശുഭാംശുവിന്റെ മറുപടി. ഇന്ത്യ വളരെ വലുതും വിശാലവുമായി കാണപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു. ‘‘ഭൂമിയെ പുറത്തുനിന്നു കണ്ട ആദ്യനിമിഷം മനസിലേക്കു വന്നത് ഭൂമി ഒന്നാണെന്നും ഒരു അതിർത്തിയും കാണാനാകുന്നില്ല എന്നതുമായിരുന്നു.

രാജ്യങ്ങളില്ല, സംസ്ഥാനങ്ങളില്ല, അതിർത്തികളില്ല. നമ്മളെല്ലാം മനുഷ്യരാശിയുടെ ഭാഗം, ഈ ഭൂമി നമ്മുടെ വീട്, നമ്മളെല്ലാം അതിലെ അംഗങ്ങൾ. ഇന്ത്യയെ ആദ്യമായി കണ്ടപ്പോൾ അതു വളരെ വലുതും വിശാലവുമായി തോന്നി. നമ്മൾ ഭൂപടത്തിൽ കാണുന്നതിനെക്കാൾ വലുത്. ഒരു വർഷമാണ് ഇതിനുള്ള പരിശീലനം ഞങ്ങൾ നടത്തിയത്. എന്നാൽ ഇവിടെ വന്നതിനുശേഷം എല്ലാം വ്യത്യസ്തമാണ്. ചെറിയ കാര്യങ്ങൾപോലും വ്യത്യസ്തമായി തോന്നുന്നു. കാരണം ഇവിടെ ഭൂഗുരുത്വമില്ല. ഉറക്കമാണ് വലിയ വെല്ലുവിളി. പുതിയ പരിസ്ഥിതിയുമായി ഇണങ്ങാൻ കുറച്ചു സമയമെടുക്കുമെന്നും ശുഭാംശു കൂ‌ട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: