
കൊച്ചി പെരുമ്പടപ്പ് പാർക്ക് റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് വാനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പള്ളുരുത്തി പെരുമ്പടപ്പ് വഴിയകത്ത് ആഷിക്കിനെ(30)യാണ് ദുരൂഹ സാഹചര്യത്തിൽ വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ ആഷിക്കിൻ്റെ കാമുകിയും ഭർത്താവും പൊലീസ് പിടിയിലായി. ഇടക്കൊച്ചി പഷ്ണിത്തോട് തോപ്പിൽ ഷിഹാബ് (39), ഭാര്യ ഷഹാന (32) എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ ദുരൂഹ സാഹചര്യത്തിൽ ചോര വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത് തിങ്കളാഴ്ച രാത്രിയാണ്.
തനിക്ക് വാഹനാപകടം സംഭവിച്ചതായി ആഷിക്ക് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോൾ വണ്ടിയുടെ ഡ്രൈവിങ് സീറ്റിൽ ആഷിക്ക് മരിച്ച നിലയിലായിരുന്നു എന്നാണു ഷഹാന പൊലീസിനോട് പറഞ്ഞത്. എന്നാൽ, സംഭവത്തിൽ ദുരൂഹത തോന്നിയ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.

കുറച്ചു കാലമായി ആഷിക്കും ഷഹാനയും പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭർത്താവ് ഷിഹാബ്, ആഷിക്കിനെതിരെ ഷഹാനയെ നിർബന്ധിപ്പിച്ച് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പീഡന പരാതി കൊടുപ്പിച്ചു. തുടർന്ന്, ആഷിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആഷിക്ക് തന്റെ പക്കലുള്ള ഷഹാനയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഷിഹാബിനെയും ഷഹാനയെയും നിരന്തരമായി ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇരുവരും പൊലീസിൽ നൽകിയ മൊഴി. ആഷിക്കിനെ കൊലപ്പെടുത്തും എന്ന് ഷിഹാബ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ആഷിക്കിന്റെ ബന്ധുക്കൾ പൊലീസിനോടു പറഞ്ഞിട്ടുണ്ട്.