Breaking NewsKeralaLead NewsNEWS

തലവേദന ഒഴിവാക്കാന്‍ കീപ്പ് അമ്പുക്ക എവേ!!! അന്‍വര്‍ വേണ്ടെന്ന സതീശന്‍ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നു

തിരുവനന്തപുരം: പി.വി അന്‍വര്‍ വേണ്ടെന്ന വി.ഡി. സതീശന്‍ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നു. അന്‍വറിനെ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ഘടകകക്ഷികള്‍ക്കും നിലപാട്. അന്‍വര്‍ സ്വയം കീഴടങ്ങിയാല്‍ മാത്രം ചര്‍ച്ചമതിയെന്നാണ് ഘടകകക്ഷികളുടെ നിലപാട്. മുന്നണി പ്രവേശനത്തിന് നിലപാടുകള്‍ തിരുത്തി അന്‍വര്‍ തന്നെ മുന്‍കൈയെടുക്കേണ്ടി വരും.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 20,000ത്തോളം വോട്ട് നേടി അന്‍വര്‍ കരുത്തുകാട്ടിയിരുന്നു. എന്നാല്‍, അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ യുഡിഎഫ് പ്രവേശം സാധ്യമാകില്ലെന്നാണ് സൂചനകള്‍. യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയാണ് അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വയം മത്സരിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. കൂടാതെ വി.ഡി സതീശനു നേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും അന്‍വര്‍ ഉയര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ അന്‍വര്‍ വേണ്ട എന്ന് ശക്തമായ നിലപാടിലേക്ക് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ പറയുന്നത്.

Signature-ad

അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്‌തെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് അഭിപ്രയപ്പെട്ടു. ശക്തി കേന്ദ്രങ്ങളില്‍പ്പോലും എല്‍ ഡി എഫിന് തിരിച്ചടിയുണ്ടാകാന്‍ കാരണം അന്‍വറിന്റെ സാന്നിദ്ധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ മിന്നുംജയമാണ് നേടിയത്. ഷൗക്കത്തിന് 77,737 വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിന് 66,660 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് 19,970 വോട്ടും ലഭിച്ചു. എന്‍ ഡി എ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8,648 വോട്ടുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ് ഡി പി ഐക്ക് 2,075 വോട്ടുകിട്ടി. നോട്ടയ്ക്ക് 630 വോട്ടുണ്ട്.

2016ല്‍ 11,504 വോട്ടിന് ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. വി. അന്‍വറിനോട് തോറ്റ ആര്യാടന്‍ ഷൗക്കത്ത് ഏകദേശം അത്രയും വോട്ടുകള്‍ക്കാണ് ഇക്കുറി വിജയം കുറിച്ചത്. പി വി അന്‍വര്‍ സി പി എമ്മുമായി ഇടഞ്ഞ് രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മുന്‍മന്ത്രിയും ഷൗക്കത്തിന്റെ പിതാവുമായ ആര്യാടന്‍ മുഹമ്മദ് മൂന്ന് പതിറ്റാണ്ടോളം കുത്തകയാക്കിയ മണ്ഡലത്തില്‍ 2021ലും അന്‍വറാണ് വിജയിച്ചത്. അന്ന് വി വി പ്രകാശിനെ 2,700 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇത്തവണ മൂന്ന് മുന്നണികള്‍ക്കെതിരെയും സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ പരാജയപ്പെട്ടെങ്കിലും കരുത്തറിയിച്ചു.

 

 

Back to top button
error: