ബാഗില്‍നിന്നു പണം കവര്‍ന്ന സ്ത്രീകളെ ഓടിച്ചിട്ട് പിടിച്ചു; താരമായി വനിതാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കൊല്ലം: മോഷ്ടാക്കളായ രണ്ട് തമിഴ്‌നാട് സ്വദേശിനികളെ സിനിമാ സ്‌റ്റൈലില്‍ ന്തുടര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയ വനിതാ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാട്ടിലെ താരമായി. കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യവെ തന്റെ ബാഗില്‍നിന്നു പണം കവര്‍ന്ന സ്ത്രീകളെയാണ് നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും എന്‍എസ്എസ് താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റുമായ ജലജാ സുരേഷ് സാഹസികമായി പിടികൂടിയത്. 10 വര്‍ഷമായി പഞ്ചായത്ത് അംഗമാണ് ജലജ.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. പോസ്റ്റോഫീസ് ആര്‍ഡി ഏജന്റ് കൂടിയായ ജലജാ സുരേഷ് കുണ്ടറ പോസ്റ്റ് ഓഫീസില്‍ പോയി ബസില്‍ മടങ്ങുകയായിരുന്നു. 1.50ന് പള്ളിമുക്കില്‍നിന്ന് പത്തനാപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറി. കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ ഇറങ്ങുന്നതിനായി എഴുന്നേറ്റപ്പോള്‍, ഒപ്പം ഇറങ്ങാനെന്ന വ്യാജേനയെത്തിയ രണ്ട് സ്ത്രീകള്‍ പിന്നില്‍നിന്ന് തള്ളുകയും ‘ചന്തമുക്ക് ആയോ’ എന്നു തിരക്കുകയും ചെയ്തു. ഇല്ലെന്ന് പറഞ്ഞതോടെ രണ്ടുപേരും സീറ്റിലേക്ക് മടങ്ങി.
BREAKING NEWS
ബസില്‍ നിന്നിറങ്ങിയതോടെ സംശയം തോന്നി ബാഗ് നോക്കിയപ്പോഴാണ് ബാഗിന്റെ സിബ് തുറന്നുകിടക്കുന്നതും പണം നഷ്ടമായതും ജലജ മനസിലാക്കിയത്. സമയം കളയാതെ അടുത്തുകണ്ട ഓട്ടോറിക്ഷയില്‍ കയറി ബസിനെ പിന്തുടര്‍ന്നു. ചന്തമുക്കില്‍ വാഹനത്തിരക്കില്‍ കുരുങ്ങിയതോടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനോട് ജലജ കാര്യം പറഞ്ഞു. ഇതോടെ ഓട്ടോ വേഗം കടത്തിവിട്ടു. ഈ സമയം ചന്തമുക്കില്‍ ബസിറങ്ങിയ സ്ത്രീകള്‍ മറ്റൊരു ഓട്ടോയില്‍ കയറിയിരുന്നു. തൊട്ടുപിന്നില്‍ നിര്‍ത്തിയ ഓട്ടോയില്‍നിന്ന് ചാടിയിറങ്ങിയ ജലജ, പോകാന്‍ തുടങ്ങിയ ഓട്ടോയുടെ ഹാന്‍ഡിലില്‍ പിടിച്ചുനിര്‍ത്തി രണ്ടു സ്ത്രീകളെയും പുറത്തിറക്കി.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും സാരിയില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഇതിനിടെ സ്ത്രീകളുടെ ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന നോട്ടുകെട്ടുകള്‍ താഴെവീണു. തങ്ങളല്ല മോഷ്ടിച്ചതെന്നും പണം ജലജയുടെ ബാഗില്‍നിന്ന് വീണതാണെന്നും പറഞ്ഞ് തടിയൂരാനും സ്ത്രീകള്‍ ശ്രമിച്ചു. പൊലീസെത്തുന്നതുവരെ ഇരുവരെയും ജലജ തടഞ്ഞുനിര്‍ത്തി. പിന്നാലെ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
തമിഴ്നാട് ഗോപിച്ചെട്ടി സ്വദേശിനി ശെല്‍വി (45), മകള്‍ അഥിനി (27) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പല പേരുകളില്‍ കറങ്ങിനടന്ന് മോഷണം പതിവാക്കിയവരാണെന്ന് പൊലീസ് പറഞ്ഞു.