Breaking NewsKeralaLead NewsNEWS

പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്; പരസ്യപ്രചാരണം അവസാനിച്ചാല്‍ പുറത്തു നിന്നുള്ളവര്‍ നിലമ്പൂരില്‍ പാടില്ല

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ച ഉടന്‍ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ആവശ്യപ്പെട്ടു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം.

പ്രചാരണ സമയം അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവയ്ക്ക് വിലക്കുണ്ട്. പോളിങ് ബൂത്തുകളില്‍ മൊബൈല്‍ഫോണിനും വിലക്കുണ്ട്.

Signature-ad

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. അതിനാല്‍ വോട്ടര്‍മാര്‍ ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പിഡബ്ല്യുഡി, ജല അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകള്‍ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി റോഡില്‍ കുഴികള്‍ എടുക്കുന്നത് ജൂണ്‍ 23 ന് വോട്ടെണ്ണല്‍ കഴിയുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, എന്നിവര്‍ക്ക് പുറമെ പി വി അന്‍വര്‍ കൂടി മത്സരരംഗത്തുണ്ട്.

Back to top button
error: