Breaking NewsIndiaLead NewsNEWSNewsthen SpecialWorld

ഒടുവില്‍ മൗനം വെടിഞ്ഞ് ദസോ സിഇഒ; റഫാല്‍ വിമാനങ്ങള്‍ പാകിസ്താന്‍ വെടിവച്ചിട്ടെന്ന ആരോപണം തെറ്റ്; യുദ്ധരംഗത്ത് റഫാലിനെ വെല്ലാന്‍ ചൈനയ്ക്കാവില്ല; ഏക്‌സ്‌ക്ലൂസീവ് അഭിമുഖം പുറത്തുവിട്ട് ഫ്രഞ്ച് മാസിക; നിരവധി ദൗത്യങ്ങള്‍ ഒറ്റയടിക്ക് ഏറ്റെടുക്കാന്‍ റഫാല്‍ മാത്രം

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ തിരിച്ചടിച്ച ഇന്ത്യയുടെ മൂന്നു റഫാല്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് ദസോ കമ്പനി സിഇഒ. ഫ്രഞ്ച് മാസികയായ ചലഞ്ചസിനു നല്‍കിയ അഭിമുഖത്തിലാണ് വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദം എറിക് ട്രാപ്പിയര്‍ നിഷേധിച്ചത്. പാരീസ് എയര്‍ ഷോയ്ക്കു മുന്നോടിയായിട്ടാണ് അഭിമുഖം പുറത്തുവന്നത്.

യുദ്ധ രംഗത്ത് അമേരിക്കയുടെയും ചൈനയുടെയും വിമാനങ്ങള്‍ക്കൊപ്പം മത്സരിക്കുന്ന ആധുനിക വിമാനക്കമ്പനിയാണ് ദസോ. ഇവരുടെ ഏറ്റവും അഭിമാനകരമായ വിമാനമാണ് റഫാല്‍ സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍. പാകിസ്താന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നും ഇന്നും യുദ്ധരംഗത്തു റഫാലിനെ വെല്ലാന്‍ വിമാനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ രംഗത്തു വിജയമെന്നത് ഏതെങ്കിലും വിമാനങ്ങള്‍ വീഴ്ത്തുന്നതു മാത്രമല്ല. അത് നമ്മള്‍ ഉദ്ദേശിച്ച ലക്ഷ്യം കണ്ടോ എന്നുള്ളതാണ്. ആ അര്‍ഥത്തില്‍ പാകിസ്താന്റെ വാദം ശരിയല്ല. റഫാല്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന ഔദേ്യാഗിക വിവരം ഇന്ത്യ കൈമാറിയിട്ടില്ല. ഞങ്ങളുടെ അറിവില്‍ അത്തരമൊന്നു സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

പാകിസ്താന്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ജെ-10 സി വിമാനവും അതിലുപയോഗിക്കുന്ന പി.എല്‍. 15 ഇ ലോങ് റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകളും ഉപയോഗിച്ചു മൂന്നു റഫാല്‍ വിമാനങ്ങള്‍ വീഴ്ത്തിയെന്നായിരുന്നു ആരോപണം. മൊത്തം ആറു വിമാനങ്ങള്‍ വീഴ്ത്തിയെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ഇതില്‍ ഒരു എസ്.യു 30 എംകെഐ, മിഗ് 29, മിറാഷ് 2000 എന്നിവയും ഉള്‍പ്പെടുമെന്നും ഇവര്‍ പറഞ്ഞു.

രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെ ഏറ്റവും അപകടകരമായ കാര്യമെന്ന നിലയിലാണ് വിലയിരുത്തിയത്. ഇരു രാജ്യങ്ങളും മൊത്തത്തില്‍ 125 വിമാനങ്ങളാണ് യുദ്ധത്തിന് ഉപയോഗിച്ചത്. എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ മികച്ചതാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. എന്നാല്‍, എയര്‍-ടു-എയര്‍ മിസൈല്‍ വിക്ഷേപണം, ഗ്രൗണ്ട് സ്‌ട്രൈക്ക്, ആണവായുധം വഹിക്കാനുള്ള ശേഷി, വിമാനങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കാനുള്ള ശേഷി എന്നിവ ഒറ്റ യുദ്ധവിമാനത്തില്‍ ഏകോപിപ്പിക്കുന്നത് റഫാല്‍ മാത്രമാണെന്നും ട്രാപ്പിയര്‍ പറഞ്ഞു. നേരിട്ടുള്ള ആക്രമണമുണ്ടായാല്‍ അമേരിക്കയുടെ എഫ് 22 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ മേല്‍ക്കൈ നേടും. എന്നാല്‍, എഫ് 35 നെ അപേക്ഷിച്ച് റഫാല്‍ വളരെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് സായുധ സേനയുടെയും അത് വാങ്ങിയ രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ റഫാല്‍ നിറവേറ്റുന്നുണ്ട്. ഓരോ ആവശ്യങ്ങള്‍ക്കായി പ്രത്യേക വിമാനങ്ങള്‍ നിര്‍മിക്കുന്നതിനു പകരം ഒറ്റ വിമാനം മതിയെന്ന തീരുമാനത്തില്‍നിന്നാണ് റഫാലിന്റെ പിറവി. മുമ്പുണ്ടാിരുന്ന മിറാഷ് 2000 മികച്ച വിമാനമായിരുന്നു. പക്ഷേ നിരവധി പതിപ്പുകള്‍ ആവശ്യമായി വന്നു. കര ആക്രമണങ്ങള്‍ക്ക് മിറാഷ് 2000 ഡി, വായുവില്‍ നിന്ന് വായുവിലേക്ക് മിറാഷ് 2000-5, ആണവ ശക്തിക്കായി മിറാഷ് 2000-എന്‍ എന്നിങ്ങനെയായിരുന്നു ഇവ. അമേരിക്ക ഭാവിയില്‍ നിര്‍മിക്കാന്‍ പോകുന്ന എഫ്-47 പോലുള്ളവ താങ്ങാനുള്ള ബജറ്റ് അമേരിക്കയ്ക്കുണ്ട്. എന്നാല്‍, എല്ലാ ദൗത്യങ്ങള്‍ക്കുമായി ഒറ്റ വിമാനം ഇപ്പോഴും അവര്‍ക്കു നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. കുറഞ്ഞ സൈനിക ബജറ്റുള്ള ഫ്രാന്‍സിന്റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് റഫാലെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: