ഇറാന്റെ വാര്‍ത്താ ചാനല്‍ കെട്ടിടത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ചത് സായുധ സൈന്യം; ആക്രമണം മുന്നറിയിപ്പ് നല്‍കിയ ശേഷമെന്നും ഇസ്രയേല്‍; മൂന്നിലൊന്നു മിസൈലുകളും അമ്പതോളം ഫൈറ്റര്‍ ജെറ്റുകളും തകര്‍ത്തു; ആണവ കേന്ദ്രത്തിലെ വൈദ്യുതി നിലച്ചു; 15,000 സെന്‍ട്രിഫ്യൂഗുകള്‍ക്ക് കേടുപാട്; ഇറാന്‍ വെടിനിര്‍ത്തലിന് അമേരിക്കയോട് ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തല്‍
ഇറാന്റെ ആണവ സമ്പൂഷ്ടീകരണ പ്ലാന്റിനു കാര്യമായ നാശം സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തലിനു ഇസ്രായേലിനെ നിര്‍ബന്ധിക്കണമെന്ന് ആവശ്യപ്പെട്ട വിവരം റോയിട്ടേഴ്‌സ് പുറത്തുവിട്ടു

ടെല്‍അവീവ്: ഇസ്രയേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ ബോംബ് ആക്രമണത്തിലൂടെ തകര്‍ത്ത ഇറാന്റെ ഔദേ്യാഗിക ടെലിവിഷന്‍ ചാനലായ ഐആര്‍ഐബി കെട്ടിടം ഇറാനിയന്‍ സായുധ സൈന്യം ഉപയോഗിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍. കമ്യൂണിക്കേഷന്‍ സെന്ററിന്റെ മറവില്‍ ഇറാനിയന്‍ സൈന്യം ഉപയോഗിക്കുന്നെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി.

ആക്രമണത്തിനു മുമ്പ് സമീപത്തുള്ളവര്‍ക്കു ഫോണ്‍കോള്‍ അടക്കം നല്‍കി മുന്നറിയിപ്പു നല്‍കിയെന്നും ഐഡിഎഫ് വ്യക്തമാക്കി. ഏറ്റവുമൊടുവില്‍ എക്‌സിലൂടെ നല്‍കിയ വിശദീകരണത്തിലാണ് ഈ വിവരം. ഇറാന്റെ പ്രൊപ്പഗന്‍ഡ സംവിധാനങ്ങള്‍ തകര്‍ക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് രൂക്ഷമായ ആക്രമണമുണ്ടായത്.
കരയില്‍നിന്നു തൊടുക്കാവുന്ന ഇറാന്റെ മൂന്നിലൊന്നു മിസൈലുകളും നശിപ്പിച്ചെന്നും ഇറാനുമേല്‍ വ്യക്തമായ ആധിപത്യം നേടാന്‍ കഴിഞ്ഞെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ ആകെ നിഷ്പ്രഭമാക്കിയാണ് ഇസ്രയേല്‍ വിമാനങ്ങള്‍ ആകാശത്തു പ്രവര്‍ത്തിക്കുന്നത്. വിക്ഷേപണത്തിനു തയാറാക്കിയ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ അടക്കം ഫൈറ്റര്‍ ജെറ്റുകള്‍ തകര്‍ക്കുന്നതിന്റെയും വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇസ്രയേലിനെ ലക്ഷ്യമിട്ടു പറന്ന ഇറാന്റെ ആളില്ലാ വിമാനങ്ങള്‍ ഒന്നൊന്നായി വെടിവച്ചിടുന്നതിന്റെ ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. വീഡിയോയുടെ ആധികാരികത എക്‌സിന്റെ എഐ സംവിധാനമായ ‘ഗോര്‍ക്കും’ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായി നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി, ഉപമേധാവി എന്നിവര്‍ കൊല്ലപ്പെട്ടു. ഇറാനിലെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളും റഡാര്‍ കേന്ദ്രങ്ങളുമായിരുന്നു ലക്ഷ്യം. 120 മിസൈല്‍ ലോഞ്ചിങ് കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും ഇസ്രയേല്‍ സേന വ്യക്തമാക്കി.
❗️ Iranian reporter goes LIVE with BLOOD still on his hands as IRIB HQ burns behind him after Israeli strike — Fars news footage pic.twitter.com/3MxqvFVhcj
— RT (@RT_com) June 16, 2025
ഇറാന്റെ ആണവ സമ്പൂഷ്ടീകരണ പ്ലാന്റിനു കാര്യമായ നാശം സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തലിനു ഇസ്രായേലിനെ നിര്‍ബന്ധിക്കണമെന്ന് ആവശ്യപ്പെട്ട വിവരം റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ആണവ നിലയത്തിനു കാര്യമായ നഷ്ടമുണ്ടായെന്നു ഐക്യരാഷ്ട്ര സഭ ആണവ നിരീക്ഷണ സമിതിയുടെ തലവനും വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേലിന്റെ ആക്രമണം നിര്‍ത്തിവയ്ക്കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു ഫോണ്‍കോളില്‍ അവസാനിപ്പിക്കാവുന്ന യുദ്ധമാണു നടക്കുന്നതെന്നുമാണ് ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥരുടെ നിലപാടെന്നുമാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്നു സൈനിക നീക്കങ്ങള്‍ തുടര്‍ന്നാല്‍ പ്രതികരണങ്ങളും തുടരുമെന്നാണ് ഇറാന്റെ നിലപാട്. ഇസ്രായേലിനെ ലക്ഷ്യമാക്കി തൊടുത്ത നൂറുകണക്കിനു മിസൈലുകളില്‍ പലതും വ്യോമപ്രതിരോധം ഭേദിച്ചിട്ടുണ്ട്. എന്നാല്‍, ഇസ്രായേലിന്റെ സൈനിക ശക്തിക്കുമേല്‍ കാര്യമായ നാശമുണ്ടാക്കാന്‍ ഇറാനു കഴിഞ്ഞിട്ടില്ല. നേരേമറിച്ച് ഇറാന്റെ മിസൈല്‍ സംവിധാനങ്ങളെയാകെ താറുമാറാക്കാന്‍ ഇസ്രായേലിനു കഴിഞ്ഞിട്ടുമുണ്ട്.
എയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഭൂതല മിസൈല്‍ ലോഞ്ചറുകളടക്കം നിരവധി വാഹനങ്ങളാണ് ഇസ്രായേല്‍ തകര്‍ത്തത്. പടിഞ്ഞാറന്‍ ഇറാനില്‍നിന്ന് ടെഹ്‌റാനിലേക്ക് കൊണ്ടുവരുന്ന വഴിയിലാണ് ആക്രമണങ്ങളിലേറെയും. 20 ഭൂതല മിസൈലുകള്‍ക്കൊപ്പം സെന്‍ട്രല്‍ ഇറാനിലെ നൂറോളം സൈനിക ലക്ഷ്യങ്ങളും അമ്പതു ഫൈറ്റര്‍ ജെറ്റുകളും ഇസ്രായേല്‍ തകര്‍ത്തു.