Breaking NewsIndiaLead NewsNEWSNewsthen SpecialTechTRENDINGWorld

‘വര്‍ഷങ്ങളായി ഇറാന്‍ മൊസാദിന്റെ കളിക്കളം’; ഭരണസംവിധാനം മുതല്‍ ആണവ കേന്ദ്രങ്ങളില്‍വരെ ഇസ്രയേല്‍ ചാര സംഘടനയുടെ നുഴഞ്ഞുകയറ്റം; 55,000 പേജുള്ള ആണവ രഹസ്യം മോഷ്ടിച്ച് ഞെട്ടിച്ചു; നേതാക്കളെ ഒന്നൊന്നായി വധിച്ചു; അവരവിടെ ഉണ്ടെന്നു തിരിച്ചറിഞ്ഞത് പരാജയപ്പെട്ടപ്പോള്‍ മാത്രം; ആവനാഴിയില്‍ ഇനി എന്തൊക്കെ ബാക്കിയെന്ന് കണ്ടറിയണം!

ഇസ്രായേല്‍ നമ്മുടെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതുകൊണ്ടുമാത്രം ഒന്നും സംഭവിക്കില്ലെന്നാണു കഴിഞ്ഞമാസം അബ്ബാസി ഇറാന്‍ മീഡിയകളോടു പറഞ്ഞത്. രാജ്യമെമ്പാടും വ്യാപിച്ചു കിടക്കുന്നതാണിത്. അവര്‍ക്ക് നശിപ്പിക്കാന്‍വേണ്ടി ഭൂമിക്കു മുകളില്‍ സൂക്ഷിച്ചവയല്ല അത് എന്നും അബ്ബാസി പറഞ്ഞു. എന്നാല്‍, വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ അബ്ബാസിയും കൊല്ലപ്പെട്ടു!

ടെല്‍അവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക മേധാവികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമെതിരേ തെരഞ്ഞുപിടിച്ച ആക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് വീണ്ടും ചര്‍ച്ചയിലേക്ക്. ‘പെഗാസസ്’ എന്ന ഒറ്റ ചാര സോഫ്റ്റ്‌വേര്‍മതി അവരുടെ പ്രഹരശേഷി എത്രയുണ്ടെന്നു തിരിച്ചറിയാമെങ്കിലും ശത്രു രാജ്യങ്ങളെ ‘ചാരന്‍മാരുടെ കളിക്കള’മാക്കുന്ന രീതിയാണ് ഏറ്റവും സങ്കീര്‍ണം.

ഇറാനെ ആക്രമിക്കുന്നതിനുമുമ്പ് അവിടേക്ക് ആയുധങ്ങള്‍ കടത്തിയിരുന്നെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇവ ഉപയോഗിച്ചെന്നും ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുള്ളില്‍ സ്‌ഫോടനം നടത്താനായി ഡ്രോണുകള്‍ സ്ഥാപിക്കാന്‍ താവളങ്ങള്‍വരെ നിര്‍മിച്ചു. ടെഹ്‌റാനു സമീപം മിസൈല്‍ ലോഞ്ചറുകളെ ലക്ഷ്യമിട്ട് ഇവ ഉപയോഗിച്ചു. ഭൂതല മിസൈല്‍ സംവിധാനങ്ങളെ ലക്ഷ്യമിടാനുള്ള ആയുധങ്ങളും കടത്തി. 200ല്‍ കൂടുല്‍ വിമാനങ്ങള്‍ക്ക് ഇറാന്റെ വ്യോമാകാശത്ത് പ്രതിരോധങ്ങളൊന്നുമില്ലാതെ പറക്കാനും നൂറിലേറെ ആക്രമണങ്ങള്‍ നടത്താനും സഹായിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു.

Signature-ad

ഇതെല്ലാം മൊസാദ് എന്ന ചാര സംഘടനയുടെ അതിസങ്കീര്‍ണ പ്രവര്‍ത്തന രീതിയുടെ വിജയമായിട്ടാണു വിലയിരുത്തുന്നത്. അതീവ സുരക്ഷയില്‍ കഴിയുന്ന മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡര്‍മാരെയും ശാസ്ത്രജ്ഞരെയും ലക്ഷ്യമിടാനുള്ള കഴിവ് ഇസ്രായേലിന്റെ വ്യോമസേനയ്ക്കു ലഭിച്ചതു മൊസാദിലൂടെയാണ്. ഇതിനുള്ള തെളിവു നല്‍കുന്ന വീഡിയോ പോലും അവിശ്വസനീയമെന്നു കരുതാവുന്ന സാഹചര്യത്തില്‍ പുറത്തിറക്കി. മിസൈല്‍ ലോഞ്ചറുകളെ ആക്രമിക്കുന്ന ഡ്രോണുകളെയും വീഡിയോയില്‍ കാണിക്കുന്നു. ഇറാന്റെ ഏറ്റവും സൂഷ്മമായി സൂക്ഷിക്കുന്ന രഹസ്യങ്ങളിലേക്കു തുളച്ചു കയറിയെന്നതു വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. അവരുടെ പരമോന്നത നേതാവായ അയൊത്തൊള്ള ഖൊമേനിയെയും ലക്ഷ്യമിട്ടെങ്കിലും ട്രംപ് വിലക്കിയതാണ് പിന്തിരിയാന്‍ കാരണമെന്നും പറയുന്നു.

‘വര്‍ഷങ്ങളായി മൊസാദ് ഇറാനെ അതിന്റെ കളിസ്ഥലം പോലെയാണു കാണുന്നത്’ എന്നാണു വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോയും ഇറാനിസ്റ്റ് ന്യൂസ്‌ലെറ്റര്‍ ക്യുറേറ്ററുമായ ഹോളി ഡാഗ്രസ് പറയുന്നു. ‘ഉന്നത ആണവ ശാസ്ത്രജ്ഞരെ വധിക്കുന്നത് മുതല്‍ ഇറാനിയന്‍ ആണവ സൗകര്യങ്ങള്‍ അട്ടിമറിക്കുന്നത് വരെ, 2024 ഏപ്രിലില്‍ നടന്ന ആദ്യത്തെ ടിറ്റ്-ഫോര്‍-ടാറ്റ് ആക്രമണങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പരസ്യമായി നടക്കുന്ന ഈ നിഴല്‍ യുദ്ധത്തില്‍ ഇസ്രായേല്‍ എപ്പോഴും മേല്‍ക്കൈ നേടിയിട്ടുണ്ട്. ഇത് മൊസാദിന്റെകൂടി വിജയമാണ്’- അവര്‍ പറഞ്ഞു.

ഇറാന്റെ സുരക്ഷാ-രഹസ്യാന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് ടെഹ്‌റാനിലടക്കം കമാന്‍ഡോ സേനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രയേലി പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു. ഇസ്രയേല്‍ വ്യോമ സേനയുടെ ആക്രമണം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് മൊസാദ് ടീമുകള്‍ വ്യോമ പ്രതിരോധ മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, മിസൈല്‍ ലോഞ്ചറുകള്‍ എന്നിവ ലക്ഷ്യമിട്ടു. മൊസാദിന്റെ കമാന്‍ഡോ സേനകളില്‍ ചിലത് ഇറാനിയന്‍ തലസ്ഥാനത്തുതന്നെ പ്രവര്‍ത്തിച്ചിരുന്നു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കു തൊട്ടടുത്ത് വിദൂര നിയന്ത്രിത ആയുധ സംവിധാനങ്ങള്‍ വിന്യസിച്ചിരുന്നു!

ഇറാനിയന്‍ ഉന്നത ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങളും മൊസാദിന്റെ ഓപ്പറേഷനുകളില്‍പെടും. 2010 മുതല്‍ ഇറാന്റെ ആണവശാസ്ത്രജ്ഞരെ ലക്ഷ്യമിടുന്നെന്നാണ് ആരോപണം. ഇറാന്റെ ആണവശാസ്ത്രജ്ഞരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ ഇസ്രയേലിനെ ഉത്തരവാദിയാക്കാന്‍ കഴിയില്ലെന്നു മുന്‍ പ്രതിരോധമന്ത്രി മോഷെ യാലോണ്‍ പറഞ്ഞതും ഇതുമായി കൂട്ടിവായിക്കാം. 2007 മുതല്‍ 2012 വരെ ഇസ്രായേല്‍ അഞ്ച് രഹസ്യ കൊലപാതകങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെടുന്നു, മിക്കവാറും എല്ലാം ടെഹ്റാനില്‍, റിമോട്ട് കണ്‍ട്രോള്‍ ബോംബിംഗുകളിലൂടെയോ റിമോട്ട് കണ്‍ട്രോള്‍ മെഷീന്‍ ഗണ്ണുകളിലൂടെയോ. ഇറാന്റെ പ്രധാന ആണവ ശാസ്ത്രജ്ഞരില്‍ ഒരാളായ ഫെറെയ്ഡൂണ്‍ അബ്ബാസി മാത്രമാണ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഇസ്രായേല്‍ നമ്മുടെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതുകൊണ്ടുമാത്രം ഒന്നും സംഭവിക്കില്ലെന്നാണു കഴിഞ്ഞമാസം അബ്ബാസി ഇറാന്‍ മീഡിയകളോടു പറഞ്ഞത്. രാജ്യമെമ്പാടും വ്യാപിച്ചു കിടക്കുന്നതാണിത്. അവര്‍ക്ക് നശിപ്പിക്കാന്‍വേണ്ടി ഭൂമിക്കു മുകളില്‍ സൂക്ഷിച്ചവയല്ല അത് എന്നും അബ്ബാസി പറഞ്ഞു. എന്നാല്‍, വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ അബ്ബാസിയും കൊല്ലപ്പെട്ടു!

2018ല്‍ ഇറാന്റെ ആണവ വിവരങ്ങള്‍ സംബന്ധിച്ച നിര്‍ണായക രേഖകള്‍ ‘മോഷ്ടി’ച്ചാണ് ഇസ്രയേല്‍ അതിന്റെ ഇന്റലിജന്‍സ് കരുത്ത് കാട്ടിയത്. ജെറുസലേമില്‍നിന്നുള്ള ലൈവ് ബ്രോഡ്കാസ്റ്റില്‍ 50,000 പേജുകളിലായി വരുന്ന വിവരങ്ങളും സിഡികളുമാണ് പുറത്തുവിട്ടത്. നെതന്യാഹുവിന്റെ അവകാശവാദങ്ങളെ ബാലിശവും പരിഹാസ്യവുമെന്നു പറഞ്ഞു തള്ളിക്കളയാന്‍ ഇറാന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കൈവ്‌സ് കൊള്ളയടിച്ചതിലൂടെ ഇറാന്റെ അതീവരഹസ്യ കേന്ദ്രങ്ങളിലേക്കുള്ള മൊസാദിന്റെ കടന്നുകയറ്റം വലിയ ചര്‍ച്ചയായി. വിലപുലമായ ആസൂത്രണമില്ലാതെ ഇതു സാധ്യമല്ല. അതീവസുരക്ഷിതമായ, അജ്ഞാതമായ ഇടത്തേക്കുള്ള കടന്നുകയറ്റത്തിനു പിന്നാലെയാണ് ആണവ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്. ട്രംപിന്റെ ഇടപെടലുകളിലേക്കു നയിച്ചതും ഈ വിവരങ്ങളാണ്.

ഠ ഇസ്രായേല്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല

2020 നവംബറില്‍, ഇറാന്റെ മുഖ്യ ആണവ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസാദെയെ, ഭാര്യയോടൊപ്പം ബുള്ളറ്റ് പ്രൂഫ് കാറില്‍ സഞ്ചരിക്കുമ്പോള്‍ ഇസ്രായേല്‍ വധിച്ചു. മൂന്ന് സുരക്ഷാ വാഹനങ്ങളുമായി ഒരു വാഹനവ്യൂഹത്തില്‍ സഞ്ചരിക്കുമ്പോഴാണു ഫക്രിസാദെയുടെ കാറിനു വെടിയേറ്റത്. ഒരു റിമോട്ട് കണ്‍ട്രോള്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തത്. ഇസ്രയേല്‍ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഓപ്പറേഷന്റെ ആഴവും കൃത്യതയുമാണിതു വ്യക്തമാക്കിയത്. ഫക്രിസാദെയുടെ ജീവിതരീതിയെക്കുറിച്ചടക്കം അവര്‍ പഠിച്ചിരുന്നു.

ജനങ്ങള്‍ ആ ഭരണകൂടത്തെ വെറുക്കുന്നതുകൊണ്ടാണ് മൊസാദിന് ആവര്‍ത്തിച്ചു വിജയിക്കാന്‍ കഴിയുന്നതെന്ന് മൊസൊദിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റാം ബെന്‍ ബരാക് പറഞ്ഞു. ഇസ്രയേലി ഇന്റലിജന്‍സിന്റെ പ്രഫഷണലിസത്തിനൊപ്പം ജനങ്ങളുടെ സഹായവും അവിടെ ലഭിക്കുന്നു- അദ്ദേഹം പറഞ്ഞു. ഗാസയില്‍ യുദ്ധം തുടങ്ങിയതിനുശേഷം, ടെഹ്റാന്റെ ഹൃദയഭാഗത്ത് വെച്ചാണ് ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയെ വധിച്ചത്. ഹനിയെ താമസിച്ചിരുന്നതായി അറിയപ്പെടുന്ന ഒരു ഗസ്റ്റ് ഹൗസില്‍ ഇസ്രായേല്‍ ഒരു സ്‌ഫോടകവസ്തു സ്ഥാപിക്കുകയാണു ചെയ്തത്. കൊലപാതകത്തിന് രണ്ടുമാസംമുമ്പ് ഈ മുറിയില്‍ ബോംബ് ഒളിപ്പിച്ചു വച്ചിരുന്നു. ഹനിയെ മുറിയില്‍ എത്തിയ ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഠ ഇറാന്‍ തുറന്ന പുസ്തകം

ഇറാന്‍ ഒരു ദശാബ്ദത്തിലേറെയായി ഇസ്രായേലി ഇന്റലിജന്‍സിന് ഒരു തുറന്ന പുസ്തകമാണെന്നു മുതിര്‍ന്ന ഇസ്രായേലി സുരക്ഷാ റിപ്പോര്‍ട്ടറും എഴുത്തുകാരനുമായ യോസി മെല്‍മാന്‍ പറഞ്ഞു. മൊസാദ് പുറത്തുവിട്ട വീഡിയോകളില്‍ മിസൈല്‍ വിക്ഷേപണങ്ങള്‍ നടത്തുന്നത് ഇറാനികളാകാന്‍ സാധ്യതയുണ്ടെന്ന് മെല്‍മാന്‍ പറഞ്ഞു. ‘ഇറാനിനുള്ളിലെ ബൂട്ടുകളില്‍ ഇസ്രായേലികളല്ല. അവരെ റിക്രൂട്ട് ചെയ്യുകയും പരിശീലനം നല്‍കുകയും സജ്ജരാക്കുകയും വിന്യസിക്കുകയും വേണം. പിന്നെ ആയുധങ്ങളടക്കം രഹസ്യമായി കടത്തണം. അതിനെല്ലാം ധാരാളം പ്രൊഫഷണലിസവും വൈദഗ്ധ്യവും ആവശ്യമാണ്’-യെല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രായേലി ആക്രമണത്തിനായുള്ള ലക്ഷ്യ വിവരങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ‘അമാന്റെ’ പങ്ക് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ എടുത്തുകാണിച്ചിട്ടുണ്ട്.

അമാനും മൊസാദും പലപ്പോഴും അടുത്തു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മൊസാദിന്റെ മിക്ക ഓപ്പറേഷനുകളും കര്‍ക്കശമായ വൃത്തങ്ങള്‍ക്കു പുറത്തേക്കു പോകാറില്ല. 1949ല്‍ ആരംഭിച്ച മൊസാദിനെക്കുറിച്ചു വളരെക്കുറച്ചു കാര്യങ്ങളാണു പുറത്തറിയുന്നത്. ഏജന്റുമാര്‍ക്ക് അവരുടെ കുടുംബത്തെക്കുറിച്ചുപോലും പുറത്തു പറയാന്‍ നിയന്ത്രണങ്ങളുണ്ട്. ഒരു ഓപ്പറേഷനിലും അവരുടെ പങ്കാളിത്തം പരസ്യമായി സമ്മതിച്ചിട്ടില്ല.

ഇറാനിലെയും ഇറാഖിലെയും സിറിയയിലെയും കുര്‍ദുകള്‍, ഇപ്പോള്‍ ദക്ഷിണ സുഡാനിലെ ക്രിസ്ത്യാനികള്‍ തുടങ്ങിയ ‘ഇസ്രായേലിന്റെ ശത്രുക്കളുടെ ശത്രുക്കളെ’ കെട്ടിപ്പടുക്കുന്നതിനു വര്‍ഷങ്ങളോളം രഹസ്യ ശ്രമങ്ങള്‍ക്ക് മൊസാദ് മേല്‍നോട്ടം വഹിച്ചു. അതിന്റെ പല ശ്രമങ്ങളെയും പോലെ, ഇതും സമ്മിശ്ര വിജയമാണ് നേടിയത്. റൊണാള്‍ഡ് റീഗന്റെ പ്രസിഡന്റായിരുന്ന കാലത്ത് ഇറാന്‍-കോണ്‍ട്ര അഴിമതിയുടെ ഭാഗമായി സദ്ദാം ഹുസൈന്റെ ഇറാഖിനെതിരെ പോരാടാന്‍ അയത്തുള്ള ഖൊമേനിയുടെ ഇറാന് രഹസ്യമായി ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിലും മൊസാദ് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്, എന്നിരുന്നാലും ഇപ്പോഴും അത്ര അറിയപ്പെടാത്തതാണ്.

ഏറ്റവും പ്രസിദ്ധമായ ഒന്ന് 1960-ല്‍ അര്‍ജന്റീനയില്‍ വെച്ച് ഹോളോകോസ്റ്റിന്റെ പ്രധാന സംഘാടകനായിരുന്ന നാസി ഉദ്യോഗസ്ഥനായ അഡോള്‍ഫ് ഐച്ച്മാനെ പിടികൂടിയതാണ്. 1969-ല്‍ ഫ്രഞ്ച് നാവികസേനയില്‍ നിന്ന് യുദ്ധക്കപ്പലുകള്‍ മോഷ്ടിക്കുക, 1973-ല്‍ ഈജിപ്തും സിറിയയും നടത്താനിരിക്കുന്ന ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, 1976-ല്‍ ഉഗാണ്ടയിലെ എന്റബെയില്‍ നടന്ന പ്രസിദ്ധമായ റെയ്ഡിന് പ്രധാന രഹസ്യ വിവരങ്ങള്‍ നല്‍കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഫലസ്തീന്‍, ജര്‍മ്മന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജൂത, ഇസ്രായേലി യാത്രക്കാരെ മോചിപ്പിക്കാന്‍ ഇത് സഹായിച്ചു.

1980-ല്‍, എത്യോപ്യയിലെ ജൂത സമൂഹത്തിലെ ആയിരക്കണക്കിന് അംഗങ്ങളെ ഇസ്രായേലിലേക്ക് രഹസ്യമായി കൊണ്ടുപോകുന്നതിനുള്ള ഒരു മറയായി സുഡാനിലെ ചെങ്കടല്‍ തീരത്ത് ഒരു ഡൈവിംഗ് റിസോര്‍ട്ട് സ്ഥാപിക്കുകയും നടത്തുകയും ചെയ്തു. അഞ്ച് വര്‍ഷത്തിന് ശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നതിന് മുമ്പ് മൊസാദ് ചാരന്മാര്‍ വിനോദസഞ്ചാരികള്‍ക്കിടയില്‍ താമസിച്ചിരുന്നു. 1972-ല്‍ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ ഇസ്രായേലി അത്ലറ്റുകള്‍ക്ക് നേരെ പലസ്തീന്‍ തീവ്രവാദികള്‍ നടത്തിയ മാരകമായ ആക്രമണത്തിന് ശേഷം, ഉത്തരവാദിത്തപ്പെട്ട നെറ്റ്വര്‍ക്കുകളെയും ഗ്രൂപ്പുകളെയും തകര്‍ക്കാന്‍ മൊസാദ് നേതൃത്വം നല്‍കി.

ഠ എപ്പോഴും വിജയിച്ചില്ല

1997ല്‍ ഹമാസ് നേതാവായിരുന്ന ഖാലിദ് മെഷാലിനെ കൊല്ലാനുള്ള ശ്രമത്തിനിടെ മൊസാദ് അംഗങ്ങള്‍ പിടിയിലായിരുന്നു. ജോര്‍ദാനുമായുള്ള ബന്ധം വഹളാക്കാനും ഇതിടയാക്കി. 2010-ല്‍, മറ്റൊരു കൊലപാതകത്തിനിടെ ദുബായിലെ സിസിടിവി ക്യാമറയില്‍ ഏജന്റുമാര്‍ കുടുങ്ങി. മൊസാദിന്റെ ലക്ഷ്യങ്ങളിലൊന്ന് ഇറാനികള്‍ക്കിടയില്‍ ഭയം വിതയ്ക്കുക എന്നതാണ് എന്ന് മെല്‍മാന്‍ പറഞ്ഞു. ‘ലക്ഷ്യം മനഃശാസ്ത്രപരമാണ്. മൊസാദ് ഇറാനിയന്‍ ഭരണകൂടത്തോട് പറയുന്നു: ഞങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് എല്ലാം അറിയാം, ഞങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ നിങ്ങളുടെ വീട്ടിലേക്ക് അലഞ്ഞുതിരിയാം, ഞങ്ങള്‍ ഒരു സര്‍വശക്തിയാണ്’ മെല്‍മാന്‍ പറഞ്ഞു.

Back to top button
error: