മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിലെ പൊലീസുകാര്‍ പിടിയില്‍; കുടുങ്ങിയത് ഒളിയിടം തേടി പായുന്നതിനിടെ

കോഴിക്കോട്: മലാപ്പറമ്പിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ യഥാര്‍ഥ നടത്തിപ്പുക്കാരായി പ്രതിചേര്‍ക്കപ്പെട്ട രണ്ടു പൊലീസുകാര്‍ പിടിയില്‍. പൊലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ താമരശ്ശേരിയില്‍ കോരങ്ങാട് വച്ചാണ് ഇരുവരും പിടിയിലാതെന്നാണു പ്രാഥമിക വിവരം.
താമരശ്ശേരിയില്‍ ആള്‍താമസമില്ലാത്ത ഒരു കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെനിന്നും മറ്റൊരു ഒളിയിടം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. ഒന്നാം പ്രതി ബിന്ദുവിന്റെ ഭര്‍ത്താവിന്റെ പേരിലുള്ള സ്വിഫ്റ്റ് കാറിലാണ് ഷൈജിത്തും സനിത്തും സഞ്ചരിച്ചിരുന്നത്. മൊബൈല്‍ നെറ്റ്വര്‍ക്ക് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടിക്കൂടാന്‍ സാധിച്ചതെന്നു പൊലീസ് വ്യക്തമാക്കി. ഇവരെ നഗരത്തില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

2020 ലാണ് ബിന്ദുവുമായി പൊലീസുകാര്‍ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരന്‍ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയപ്പോഴാണ് ഇവരെ പരിചയപ്പെട്ടത്. പിന്നീട് ഫോണ്‍ നമ്പര്‍ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മെഡിക്കല്‍ കോളജില്‍നിന്ന് ഈ പൊലീസുകാരന്‍ പിന്നീട് വിജിലന്‍സില്‍ എത്തി. മെഡിക്കല്‍ കോളജില്‍ പുതിയ ഇന്‍സ്‌പെക്ടര്‍ ചുമതലയെടുത്തതോടെ പൊലീസുകാരന്‍ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷന്‍ പരിധിയില്‍നിന്നു മാറ്റുകയും ചെയ്തതായും കണ്ടെത്തി.