Breaking NewsIndiaLead NewsNEWSNewsthen SpecialWorld

പൂര്‍ണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ; ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന്റെ പ്രചാരണത്തിന്റെ മുഖം തകര്‍ക്കുമെന്ന് മുന്നറിയിപ്പിന് പിന്നാലെ നടപടി; ഐആര്‍ബിഐ ആസ്ഥാനത്ത് ലൈവ് ഷോയ്ക്കിടെ ബോംബ് വര്‍ഷം; ഇറാന്റെ തിരിച്ചടി വന്നാല്‍ സര്‍വ നാശത്തിലേക്കോ?

ഇറാന്റെ പ്രചാരണങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്നു ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞതിനു പിന്നാലെയാണ് ഔദ്യോഗിക ടെലിവിഷനെതിരേ ആക്രമണം. 'ഇറാനിയന്‍ പ്രചാരണത്തിന്റെയും പ്രേരണയുടെയും മുഖപത്രം അപ്രത്യക്ഷമാകാന്‍ പോകുന്നു' എന്നായിരുന്നു കാറ്റ്‌സ് പറഞ്ഞത്

ടെഹ്‌റാന്‍: ഇറാനെതിരേ അവസാന യുദ്ധത്തിന് ആഹ്വാനം നല്‍കിയതിനു പിന്നാലെ ടെഹ്‌റാനിലെ ഇറാന്റെ ഔദ്യോഗിക ചാനലായ ഐആര്‍ബിഐയുടെ ഓഫീസുകളില്‍ ബോംബു വര്‍ഷിച്ച് ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍. യുദ്ധത്തില്‍ മാധ്യമ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന ലോക മര്യാദകള്‍ ലംഘിച്ചാണ് ഇസ്രായേലിന്റെ ആക്രണം. തത്സമയ സംപ്രേഷണത്തിനിടെ ബോംബു വര്‍ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്.

ടെഹ്‌റാനിലെ ഐആര്‍ഐബി ഓഫീസുകളിലെ ലൈവ് ഷോയ്ക്കിടെയാണു ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ടിവി സംപ്രേഷണം തടസപ്പെടുന്നതും അവതാരക സ്റ്റുഡിയോയില്‍നിന്ന് ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തെത്തുടര്‍ന്ന്, സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന് മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത ഒരു പ്രോഗ്രാമിലേക്ക് മാറേണ്ടിവന്നു. ഇറാന്റെ പ്രചാരണങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്നു ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞതിനു പിന്നാലെയാണ് ഔദ്യോഗിക ടെലിവിഷനെതിരേ ആക്രമണം. ‘ഇറാനിയന്‍ പ്രചാരണത്തിന്റെയും പ്രേരണയുടെയും മുഖപത്രം അപ്രത്യക്ഷമാകാന്‍ പോകുന്നു’ എന്നായിരുന്നു കാറ്റ്‌സ് പറഞ്ഞത്.

Signature-ad

ഇസ്രായേല്‍ സൈന്യമായ ഐഡിഎഫും നേരത്തേ ടെഹ്‌റാനില്‍നിന്ന് ഒഴിയണമെന്നു ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇറാന്റെ സ്‌റ്റേറ്റ് ടിവിയിലൂടെ ടെഹ്‌റാനും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇറാന്റെ സ്റ്റേറ്റ് ടിവി, പോലീസ് ആസ്ഥാനം, മൂന്ന് വലിയ ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ മധ്യ ടെഹ്റാനിലെ 330,000 ആളുകളോട് ഒഴിഞ്ഞുപോകാനായിരുന്നു നിര്‍ദേശം.

ഠ മണിക്കൂറുകള്‍ക്കുമുമ്പ് മുന്നറിയിപ്പ്

ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് ‘ഭീഷണകള്‍’ ഇല്ലാതാക്കാനുള്ള അവസാന പോരാട്ടത്തിന് ഒരുങ്ങിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആഹ്വാനം ചെയ്തത്. ആണവ ഭീഷണിയും മിസൈല്‍ സംവിധാനങ്ങളെയും തകര്‍ക്കാനുള്ള അവസാന പോരാട്ടത്തിന് തയാറെന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നതെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ചയും ഇറാനില്‍നിന്നുള്ള മിസൈലുകള്‍ ടെല്‍ അവീവിലടക്കം പതിച്ചതോടെ വന്‍ നാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതു തുടരാന്‍ കഴിയില്ലെന്ന സൂചനയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കരുതിയിരിക്കാന്‍ ഇറാനിലെ ഇസ്രയേല്‍ ഓപ്പറേറ്റീവുകള്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് നെതന്യാഹുവിന്റെ പ്രസ്താവനയെ വിലയിരുത്തിയത്.

സംഘര്‍ഷം തുടര്‍ച്ചയായ നാലാം ദിവസത്തിലേക്കു കടന്നതോടെ ആണവ നിര്‍വ്യാപന ഉടമ്പടി (എന്‍പിടി) ഉപേക്ഷിക്കാനുള്ള ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് തയാറെടുക്കുകയാണെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധിയില്ലെന്നും ഇറാന്‍ ആവര്‍ത്തിക്കുന്നു. ബില്‍ പാസാക്കാന്‍ നിരവധി ആഴ്ചകള്‍ എടുക്കുമെങ്കിലും ടെഹ്‌റാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നെന്ന പാശ്ചാത്യ രാജ്യങ്ങളുടെ സംശയം വര്‍ധിപ്പിക്കാന്‍ ഇതിടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ബില്‍ പസാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായിയും വ്യക്തമാക്കുന്നത്. ഇസ്രായേലിന് ഗണ്യമായ ആണവായുധ ശേഖരമുണ്ടെങ്കിലും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ലെന്നും എന്‍പിടിയില്‍ ഇസ്രായേല്‍ ഒപ്പുവച്ചിട്ടില്ലെന്നുമാണ് ഇറാന്റെ നിലപാട്.

ഇതിനെതിരേ സൈനിക നടപടികള്‍ കടുപ്പിക്കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. ടെഹ്‌റാന്‍ ആണവ ബോംബ് വികസിപ്പിക്കുന്നതിന്റെ വക്കിലാണ്. ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മാണ കേന്ദ്രങ്ങളെ നശിപ്പിക്കുമെന്നും ഇസ്രായേല്‍ പറഞ്ഞു. ആണവ ഭീഷണി ഇല്ലാതാക്കുക, മിസൈല്‍ ഭീഷണി ഇല്ലാതാക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പാതയിലാണ് ഞങ്ങള്‍,’ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെല്‍ നോഫ് വ്യോമതാവളത്തിലെ സൈനികരോട് പറഞ്ഞു.

ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളില്‍ വ്യാപകമായ നാശമുണ്ടാക്കിയ ഇസ്രായേല്‍ സൈന്യം, തിങ്കളാഴ്ച നാലു മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെയും വധിച്ചെന്ന് അവകാശപ്പട്ടു. ഇതില്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ഇന്റലിജന്‍സ് യൂണിറ്റ് തലവരും ഉള്‍പ്പെടുന്നു.

1979ല്‍ അമേരിക്കന്‍ പിന്തുണയോടെ ഭരിച്ച മതേതര സ്വഭാവമുള്ള രാജാവിനെ അട്ടിമറിച്ച് ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചതിനുശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ പാളിച്ചയാണ് ഇറാന്‍ നേരിടുന്നത്. സംഘര്‍ഷം ആരംഭിച്ചശേഷം ഡസന്‍ കണക്കിന് ഉപജാപകരെയും ചാരന്‍മാരെയും അറസ്റ്റ് ചെയ്‌തെന്നാണ് ഇറാന്‍ നിലപാട്. എന്നാല്‍, ഇറാന്റെ നിഴല്‍ സംഘടനയായ ഹമാസിനെയും ഹിസ്ബുള്ളയെയും അസ്ഥിരപ്പെടുത്തിയതിനുശേഷം ഭൗമരാഷ്ട്രീയത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഗാസ മുനമ്പിലെ ഹമാസിനെയും ലെബനനിലെ ഹിസ്ബുള്ളയെയും അവരുടെ ഉന്നത നേതാക്കളെ കൊലപ്പെടുത്തിയതും ഇറാന് കാര്യമായ തിരിച്ചടിയായിട്ടുണ്ട്.

സംഘര്‍ഷം വ്യാപിക്കുന്നതിനിടെ അമേരിക്കന്‍ വിമാന വാഹിനിയായ യുഎസ്എസ് നിമിറ്റ്‌സ് സൗത്ത് ചൈന കടലില്‍നിന്ന് പശ്ചിമേഷ്യന്‍ മേഖലയിലേക്കു പുറപ്പെട്ടതും ആശങ്ക വര്‍ധിപ്പിക്കുന്നു. വിയറ്റ്‌നാമിലെ ദനാങ് സിറ്റിയില്‍ പ്രവേശിക്കേണ്ടിയിരുന്ന കപ്പല്‍ സന്ദര്‍ശനം റദ്ദാക്കി. അടിയന്തര ഓപ്പറേഷന്റെ ഭാഗമായാണ് ഈ നീക്കമെന്നാണു വിശദീകരണം.

ഇന്തോ-പസഫിക്കിലെ യുഎസ് നാവികസേനയുടെ പതിവ് സാന്നിധ്യത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ദക്ഷിണ ചൈനാ കടലില്‍ നിമിറ്റ്‌സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പ് സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി യുഎസ് പസഫിക് ഫ്‌ലീറ്റ് കമാന്‍ഡറുടെ വെബ്സൈറ്റ് പറയുന്നു. മറൈന്‍ ട്രാഫിക്കില്‍ നിന്നുള്ള ഡാറ്റ പ്രകാരം, തിങ്കളാഴ്ച രാവിലെ ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായ മിഡില്‍ ഈസ്റ്റിലേക്കു നീങ്ങുകയാണെന്നും പറയുന്നു.

 

Back to top button
error: