കഴുത്തില്‍ കുരുക്കിട്ടു, അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ പൂച്ച ചത്തു; നാദിര്‍ഷയുടെ പരാതിയില്‍ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്

കൊച്ചി: സംവിധായകന്‍ നാദിര്‍ഷയുടെ പൂച്ചയെ കൊന്ന സംഭവത്തില്‍ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ കേസെടുത്ത് പൊലീസ്. പാലാരിവട്ടം പൊലീസാണ് നാദിര്‍ഷയുടെ പരാതിയില്‍ ആശുപത്രിക്കെതിരെ കേസെടുത്തത്. നാദിര്‍ഷയുടെ ഗ്രൂം ചെയ്യിക്കാനെത്തിയ പൂച്ചയാണ് ശനിയാഴ്ച ചത്തത്. എറണാകുളം മാമംഗലത്തുള്ള പെറ്റ് ഹോസ്പിറ്റലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മറ്റൊരു സ്ഥാപനത്തിലായിരുന്നു പൂച്ചയെ ഗ്രൂമിങ് ചെയ്തിരുന്നത്. അനസ്‌തേഷ്യ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പൂച്ചയെ എറണാകുളത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. അനസ്‌തേഷ്യ എടുത്തതിന് പിന്നാലെ പൂച്ച ചാവുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് പൂച്ച ചത്തതെന്നാണ് നാദിര്‍ഷയുടെ ആരോപണം.

പൂച്ചയുടെ കഴുത്തില്‍ കുരുക്കിട്ട ശേഷമാണ് ജീവനക്കാര്‍ അനസ്‌തേഷ്യ നല്‍കാനായി പൂച്ചയെ കൊണ്ടുപോയതെന്നും അശാസ്ത്രീയമായ രീതിയിലുള്ള ചികിത്സയാണ് പൂച്ച ചാകാന്‍ കാരണമായതെന്നും നാദിര്‍ഷ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് നാദിര്‍ഷ പരാതി നല്‍കിയിരിക്കുന്നത്.
പൊലീസ് പ്രാഥമികമായ പരിശോധന നടത്തി. എന്നാല്‍ അനസ്‌തേഷ്യ നല്‍കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാദിര്‍ഷയുടെ കുടുംബത്തോട് പറഞ്ഞ് മനസിലാക്കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.