കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചയ്ക്കു പിന്നില്‍ ‘കോടാലി’ സംഘം? മുഖം മൂടി ധരിച്ചു, മലയാളം സംസാരിച്ചത് തെളിവായി

കോയമ്പത്തൂര്‍: ദേശീയപാതയില്‍ ലോറി കുറുകെയിട്ടു കാര്‍ തടഞ്ഞു ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി 1.25 കിലോ സ്വര്‍ണവും 60,000 രൂപയും കവര്‍ന്ന സംഭവത്തില്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കവര്‍ച്ചയ്ക്കു പിന്നില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘമെന്ന സംശയത്തിലാണു പൊലീസ്. കാറിനെ പിന്തുടരുകയും കവര്‍ച്ച നടത്തുകയും ചെയ്ത രീതിയാണ് ഈ നിഗമനത്തിനു കാരണം.
മുഖം മറച്ചെത്തിയ സംഘം പരസ്പരം തൃശൂര്‍ ശൈലിയിലാണ് സംസാരിച്ചത്. ലോറി ഓടിച്ച ആളുടെ മുഖം മറ്റൊരു കാറിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ നിന്നു പൊലീസിനു ലഭിച്ചു. മധുക്കര ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലോറി രാത്രിയോടെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിയുടെ നമ്പര്‍ വ്യാജമെന്നു കണ്ടെത്തി. എട്ടിമട മാകാളിയമ്മന്‍ ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ ആറരയോടെയാണു തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനമായ ജെപി ജ്വല്ലറിയുടെ ഉടമ ജെയ്‌സണ്‍ ജേക്കബ് (55), ജീവനക്കാരന്‍ എസ്.വിഷ്ണു (20) എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയത്.

ചെന്നൈയിലെ ജ്വല്ലറികള്‍ക്കു വേണ്ടി ആഭരണങ്ങള്‍ നിര്‍മിക്കാനുള്ള സ്വര്‍ണ ബാറുകളുമായി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു തൃശൂരിലേക്ക് പോവുകയായിരുന്നു ജെയ്‌സണ്‍. ജെയ്‌സണെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു കൂട്ടാന്‍ എത്തിയതായിരുന്നു വിഷ്ണു. കവര്‍ച്ചാസംഘം ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജയ്‌സണ്‍ വിസമ്മതിച്ചതോടെ ഇരുമ്പുവടി കൊണ്ടു ചില്ലു തകര്‍ത്ത് അകത്തു കടന്നു. പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കുകയും കാറിനു പിന്നിലേക്കിരുത്തി കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 2 കിലോമീറ്ററോളം സഞ്ചരിച്ച ശേഷം ഇരുവരെയും റോഡരികില്‍ തള്ളിയിട്ടു.