റൈസിങ് ലയണ്‍: അര്‍ധരാത്രിയില്‍ അടി, തിരിച്ചടി; ഇറാന്‍ ആണവകേന്ദ്രത്തില്‍ വന്‍ നാശമെന്നു കാട്ടുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; എണ്ണപ്പാടവും തകര്‍ത്തു; ഇസ്രായേലില്‍ എട്ടുനില കെട്ടിടം തകര്‍ത്ത് ഇറാന്റെ മിസൈല്‍; ഇതുവരെ 300 പേര്‍ക്കു പരിക്ക്; 35 പേരെ കാണാനില്ല

ടെഹ്‌റാന്‍: ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തില്‍ വന്‍ നാശമെന്നു വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. ഇറാന്റെ നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിനാണു വന്‍ നാശമുണ്ടായത്. ഇറാനിലെ എണ്ണപ്പാടവും ആക്രമണത്തിന് ഇരയായി. ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. പുലര്‍ച്ചെ ഇസ്രയേലിലെ ടെല്‍അവീവില്‍ അടക്കം ഇറാന്‍ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
നതാന്‍സ് യുറേനിയം ആണവകേന്ദ്രത്തില്‍ നാശനഷ്ടങ്ങളുണ്ടായതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ മാക്‌സര്‍ ടെക്‌നോളജിയാണ് പുറത്തുവിട്ടത്. ജനുവരി 24, ജൂണ്‍ 14 എന്നീ ദിവസങ്ങളിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇറാന്റെ ആണവപദ്ധതികള്‍ക്കു നേരെയാണ് റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നത്. ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേലില്‍ ആറുപേര്‍ മരിച്ചു.

സംഭരണം മുതല്‍ ഉല്‍പാദനം വരെ നടത്തുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അണുബോംബ് ഉള്‍പ്പെടെ സൈനിക ആവശ്യങ്ങള്‍ക്കാണ് ഇറാന്‍ ആണവപദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഊര്‍ജോല്‍പാദനം ഉള്‍പ്പെടെ സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് അണുശക്തി പ്രയോജനപ്പെടുത്തുന്നതെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ഇറാനെതിരെ ആക്രമണം നടത്താന്‍ ഇറാഖിന്റെ വ്യോമമേഖല ഉപയോഗിക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ യുദ്ധവിമാനങ്ങളെ തടയണമെന്ന് ഇറാഖ് യുഎസിനോട് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഫോണില്‍ സംസാരിച്ചു. ഇറാനെ ആക്രമിച്ച ഇസ്രയേല്‍ നടപടിയെ പുട്ടിന്‍ അപലപിച്ചു.
ഇറാന്‍ കഴിഞ്ഞ 20 വര്‍ഷത്തില്‍ ഇതാദ്യമായി തങ്ങളുടെ പരിശോധകരുമായി സഹകരിക്കുന്നില്ലെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുടെ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തെ മൂന്നാമത് ആണവസമ്പുഷ്ടീകരണ കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്നും പഴയ സെന്‍ട്രിഫ്യൂജുകള്‍ മാറ്റി സ്ഥാപിക്കുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു ഇറാന്റെ മറുപടി.
ഇസ്രായേലില്‍ നിലവില്‍ പത്തുലക്ഷത്തോളം ആളുകള്‍ സുരക്ഷാ കേന്ദ്രങ്ങളിലാണെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ടെല്‍അവീവിനു മുകളില്‍കൂടിയടക്കം ഇറാന്റെ മിസൈലുകള്‍ പാഞ്ഞെന്നും ഇതെല്ലാം പ്രതിരോധിക്കാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ 300 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. ഏഴുപേര്‍ ഇറാന്റെ ആക്രമണത്തില്‍ മരിച്ചു. 35 ആളുകളെ കാണാനില്ലെന്ന് എമര്‍ജന്‍സി സര്‍വീസ് വക്താവ് പറഞ്ഞു. ബാത്ത് യാമിലെ എട്ടുനില കെട്ടിടത്തിനു മുകളിലാണ് ഇറാന്റെ മിസൈല്‍ പതിച്ചത്. എത്ര കെട്ടിടങ്ങള്‍ ആക്രമിക്കപ്പെട്ടെന്നു വ്യക്തമല്ല.
നതാന്‍സ് സമ്പുഷ്ടീകരണ കേന്ദ്രം
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ മുഖ്യകേന്ദ്രം. തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് 220 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറി സ്ഥിതി ചെയ്യുന്നു. ഇറാന്റെ മധ്യപീഠഭൂമിയിലുള്ള ഈ കേന്ദ്രത്തിന്റെ പ്രധാനഭാഗം ആഴത്തിലുള്ള ഭൂഗര്‍ഭ നിര്‍മിതിക്ക് അകത്താണ്. ഉയര്‍ന്ന തോതില്‍ ആണവപദാര്‍ഥങ്ങളുടെ വേര്‍തിരിക്കലും സമ്പുഷ്ടീകരണവും നടത്തുന്ന കാസ്‌കേഡ് സെന്‍ട്രിഫ്യൂജ് നിരയും ഇതിനകത്താണ്. നതാന്‍സ് ടണല്‍ സമുച്ചയം തെക്ക് പിക്കാക്‌സ് മലനിരകള്‍ (കുഹെ കൊലാങ് ഗാസ് ലാ) വരെ നീണ്ടുകിടക്കുന്നു. ഇസ്രയേല്‍ യുഎസ് സംയുക്ത സൃഷ്ടിയെന്ന് കരുതപ്പെടുന്ന സറ്റക്‌സ്‌നെറ്റ് കംപ്യൂട്ടര്‍ വൈറസ് ആക്രമണത്തില്‍ നേരത്തേ ഇറാനിയന്‍ സെന്‍ട്രിഫ്യൂജുകള്‍ തകര്‍ന്നിരുന്നു. രണ്ടുതവണ കൂടി ഇസ്രയേല്‍ നീക്കത്തില്‍ കേന്ദ്രത്തിനു കേടുപാടുണ്ടായി.