
കൊച്ചി: തൈക്കൂടത്ത് മാമ്മോദീസ ചടങ്ങിനിടെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ കേസെടുത്തു പോലീസ്. ഞായറാഴ്ച വൈകിട്ട് തൈക്കൂടം സെന്റ് റാഫേല്‍ ചര്‍ച്ച് ഹാളില്‍ വച്ചായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസല്‍, ബായ് നസീര്‍ എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് മരട് പോലീസ് കേസെടുത്തത്.
തമ്മനം ഫൈസല്‍, ബായ് നസീര്‍ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ചടങ്ങു നടന്ന ഹാളിന് നടുവില്‍ ഇരുവരും കൂട്ടാളികളും തമ്മില്‍ അടിപിടി ഉണ്ടാക്കിയതായും ഒരു കാറില്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന പ്രവര്‍ത്തികള്‍ നടന്നതായി ബോധ്യമായതായും പോലീസ് വ്യക്തമാക്കി.

നിരവധി കേസുകളില്‍ പ്രതിയായ തമ്മനം ഫൈസലിന്റെ ആലുവയിലെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ ആലപ്പുഴ ജില്ലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വിവാദമായത് മാസങ്ങള്‍ക്ക് മുമ്പാണ്. കാപ്പ ചുമത്താന്‍ തുടങ്ങിയതോടെ ഗുണ്ടാസംഘങ്ങള്‍ പരസ്യമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കിയിരുന്നു. ഇതിനിടെയാണ് തൈക്കൂടത്തെ സംഭവം.