മരിച്ചിട്ടും മരിക്കാതെ വിവാദങ്ങള്‍! സുധിച്ചേട്ടന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണ്, നിയമപരമായി വിവാഹിതരായിരുന്നില്ല; വെളിപ്പെടുത്തി രേണു

മരിച്ചുപോയ മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് രേണു സുധി. മകന്‍ കുഞ്ഞായിരിക്കുമ്പോഴാണ് സുധിയെ ഉപേക്ഷിച്ച് അവര്‍ മറ്റൊരാളോടൊപ്പം പോയത്. ആദ്യഭാര്യയെ സുധി നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും രേണു പറയുന്നു. ഇടയ്ക്ക് ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ വിഡിയോ കോള്‍ ചെയ്ത് തന്നോട് പിണക്കമുണ്ടോ എന്ന് അവര്‍ ചോദിച്ചെന്നും തനിക്ക് ഒരു പിണക്കവുമില്ല എന്ന് പറഞ്ഞെന്നും രേണു സുധി മെയിന്‍സ്ട്രീം വണ്‍ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
”സുധിച്ചേട്ടന്റെ ആദ്യഭാര്യ മരിച്ചു, ആത്മഹത്യ ചെയ്തതാണ്. കിച്ചുവിന് 16 വയസ്സുള്ളപ്പോഴാണ് ആ കുട്ടി മരിച്ചത്. സുധിച്ചേട്ടന്‍ മരിക്കുന്നതിനും രണ്ട് വര്‍ഷം മുമ്പ്. കിച്ചു തീരെ കുഞ്ഞായിരുന്നപ്പോഴാണ് വീടുവിട്ടു പോയത്, അവര്‍ വേറൊരാളെ സ്‌നേഹിച്ചു പോയതാണ്. വിവാഹം കഴിച്ചിരുന്നു, ഒരു കുട്ടിയും ഉണ്ടായിരുന്നു. അവരുടെ ആത്മാവിനു വേണ്ടി പ്രാര്‍ഥിക്കാനേ എനിക്ക് കഴിയൂ. ഞാനിന്നും അവര്‍ക്കു രണ്ട് പേര്‍ക്കും വേണ്ടി പ്രാര്‍ഥിക്കും.

എന്തുകൊണ്ടാണ് അവര്‍ പോയതെന്നു ഞാന്‍ ചോദിച്ചിട്ടേ ഇല്ല. സംസാരിക്കാമെന്ന് സുധിച്ചേട്ടന്‍ പറഞ്ഞിരുന്നു, എന്നാല്‍ മനസ്സിനു വിഷമമുണ്ടാക്കുന്നൊരു കാര്യം പറയേണ്ടെന്നായിരുന്നു ഞാനന്ന് പറഞ്ഞത്. സുധിച്ചേട്ടന്‍ അവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. എന്നെ മാത്രമാണ് നിയമപരമായി വിവാഹം കഴിച്ചിട്ടുള്ളത്. കുഞ്ഞുണ്ടായ ശേഷമാണ് സുധിച്ചേട്ടന്റെ വീട്ടുകാരും ഈ ബന്ധം സമ്മതിച്ചത്. അവര്‍ തമ്മില്‍ വിവാഹം കഴിച്ചിരുന്നോ, താലി കെട്ടിയിട്ടുണ്ടോ എന്നൊന്നും ഞാന്‍ ചോദിച്ചിട്ടില്ല. സുധിച്ചേട്ടനും മകനും എന്റേതാണല്ലോ എന്നൊരു സന്തോഷം എനിക്കുണ്ടായിരുന്നു.
ഒരിക്കല്‍ അവര്‍ എന്നെ ഫെയ്‌സ്ബുക്ക് മെസ്സഞ്ചറില്‍ ബന്ധപ്പെട്ടിരുന്നു. ‘ഹായ് രേണൂ, എന്നോട് പിണക്കമുണ്ടോ?’ എന്ന് ചോദിച്ചു, എന്നിട്ട് വിഡിയോ കോള്‍ ചെയ്തു കണ്ടു, ‘എന്നോട് പിണക്കമുണ്ടോ, എനിക്ക് രേണുവിനെ കണ്ടതില്‍ ഒത്തിരി സന്തോഷമുണ്ട്’ എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, എനിക്ക് നിങ്ങളോട് ഒരു പിണക്കവുമില്ല കണ്ടതില്‍ സന്തോഷം. കിച്ചുവിന്റെ കാര്യമേ ചോദിച്ചില്ല, കുഞ്ഞിന് സുഖമാണോ എന്ന് മാത്രം ചോദിച്ചു.
അത് കണ്ടിട്ട് സുധിച്ചേട്ടന്‍ പറഞ്ഞു, പെട്ടെന്ന് ബ്ലോക്ക് ചെയ്‌തോളൂ എന്ന്. അപ്പോഴേ ഞാന്‍ ബ്ലോക്ക് ചെയ്തു. കിച്ചുവിന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു മോനേ നിനക്ക് അവിടെ പോകണോ, ഞാന്‍ കൊണ്ടുപോകാം. അവന്‍ അപ്പോള്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവന്‍ പറഞ്ഞു എന്റെ അമ്മ ഇതാണ്, അമ്മ മരിച്ചില്ലല്ലോ, അമ്മ ഉണ്ടല്ലോ എനിക്ക്, അമ്മ പൊയ്‌ക്കോളൂ ഞാന്‍ ഗെയിം കളിക്കട്ടെ.
അവര്‍ സുധിച്ചേട്ടനെയും മകനെയും ഉപേക്ഷിച്ച് വേറൊരാളോടൊപ്പം പോയതാണ്. ഇടയ്ക്ക് ഭര്‍ത്താവിനെയും കൂട്ടി വരുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്, വന്ന് കുട്ടിക്ക് എന്തെങ്കിലും ഗിഫ്റ്റ് കൊടുത്തിട്ട് പോകും, സുധി ചേട്ടന്‍ കണ്ടുകൊണ്ട് മാറി നില്‍ക്കും. കിച്ചു വലുതായതിനു ശേഷം അവരെ കണ്ടിട്ടില്ല. അവരുടെ മരണവാര്‍ത്ത അറിഞ്ഞ് സുധിച്ചേട്ടന്‍ കരഞ്ഞിരുന്നു. എന്തായാലും ആദ്യ കുഞ്ഞിന്റെ അമ്മയല്ലേ. ഇപ്പോള്‍ അവരുടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചുെവന്നാണ് അറിയാന്‍ കഴിഞ്ഞത്. -രേണു സുധി പറയുന്നു.