
ന്യൂഡല്‍ഹി: ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റിനു ശേഷം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യുട്യൂബര്‍ പിടിയില്‍. ‘ജാന്‍മഹല്‍ വിഡിയോ’ എന്ന യുട്യൂബ് ചാനല്‍ നടത്തുന്ന ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്പെഷല്‍ ഓപ്പറേഷന്‍ സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ പഞ്ചാബിലെ രൂപ്നഗറില്‍നിന്ന് പിടികൂടിയത്.
പാക്ക് ചാരസംഘടനയായ ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായും ജസ്ബീറിന് അടുപ്പമുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജ്യോതി അടുപ്പം പുലര്‍ത്തിയിരുന്ന, ഇന്ത്യ പുറത്താക്കിയ പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായും ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടായിരുന്നു. നിരവധി പാക്കിസ്ഥാന്‍ നമ്പറുകള്‍ ഇയാളുടെ ഫോണില്‍ സേവ് ചെയ്തിട്ടുണ്ട്.

3 തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ജസ്ബീര്‍ സിങ് ഡല്‍ഹിയിലെ പാക്ക് എംബസിയില്‍ നടന്ന പ്രധാന ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജ്യോതി മല്‍ഹോത്ര അറസ്റ്റിലായ ശേഷം പാക്കിസ്ഥാന്‍ നമ്പറുകളും അവരുമായി നടത്തിയ ചാറ്റും നീക്കം ചെയ്യാന്‍ ജസ്ബീര്‍ ശ്രദ്ധിച്ചിരുന്നു.