‘ഞാന്‍ ഷൂട്ടിന് പോകുമ്പോള്‍ കൂട്ടുകാര്‍ സുഖമായി കിടന്നുറങ്ങും, റെസ്റ്റ് എടുക്കാന്‍ പോലും സമയം കിട്ടാത്തത് ഓര്‍ത്ത് കരഞ്ഞിട്ടുണ്ട്; പ്രതിഫലം മുഴുവന്‍ കിട്ടിയിട്ടില്ല’

എണ്‍പതുകളില്‍ മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുണ്ടായിരുന്ന നായക നടനാണ് ശങ്കര്‍. തുടരെ തുടരെ സിനിമകളായിരുന്നു. തിരക്കൊഴിഞ്ഞ് വിശ്രമിക്കാന്‍ പോലും സമയം കിട്ടാത്ത കാലമുണ്ടായിരുന്നു. ശങ്കര്‍-മേനക കോമ്പോയ്ക്കും അന്ന് ആരാധകര്‍ ഏറെയായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയില്‍ ചുവടുറപ്പിച്ചശേഷമാണ് ശങ്കറിന്റെ പ്രഭ മങ്ങി തുടങ്ങിയത്. വിരളമായി മാത്രമാണ് ഇപ്പോള്‍ ശങ്കര്‍ ഭാഗമാകുന്ന സിനിമകള്‍ റിലീസിന് എത്താറുള്ളത്. നായക വേഷങ്ങള്‍ ഒഴിവാക്കി എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ തയ്യാറായാല്‍ നടന് മലയാള സിനിമയില്‍ തുടരാനാകുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇപ്പോഴിതാ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ശങ്കര്‍. സിനിമയെ ഒരു ബിസിനസായി കണ്ടിട്ടില്ലെന്നും നായകനായിരുന്ന സമയത്തെടുത്ത പല തീരുമാനങ്ങളും കരിയറിനെ ബാധിച്ചുവെന്നും നടന്‍ പറയുന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ഒരു തലൈ രാഗം സിനിമയ്ക്കൊന്നും ആദ്യ ദിവസങ്ങളില്‍ ആരും തന്നെയുണ്ടായിരുന്നില്ല. പിന്നീടാണ് സിനിമ ക്ലിക്കായതും ആളുകള്‍ തിയേറ്ററിലേക്ക് എത്തിയതും. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അന്ന് എണ്‍പത് ദിവസത്തോളം തിയേറ്ററില്‍ ഓടി. ഈ സിനിമയ്ക്ക് എല്ലാം മുമ്പ് ഞാന്‍ ജയന്റെ ശരപഞ്ജരം സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.
ചെറിയ ഡയലോഗും ഉണ്ടായിരുന്നു. അന്ന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയായിരുന്നു. ശരപഞ്ജരത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ചിലരെ പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് ആ സിനിമയിലേക്ക് എത്തുന്നത്. ഞാന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകാതെ പ്രണയ ചിത്രങ്ങള്‍ മാത്രം ചെയ്ത് നടന്നതല്ല. അത്തരം കഥാപാത്രങ്ങള്‍ മാത്രമെ എനിക്ക് വന്നിരുന്നുള്ളുവെന്നതാണ്.
സുഖമോ ദേവി കഴിഞ്ഞശേഷം വേണു നാഗവള്ളിയോട് വ്യത്യസ്തമായ കഥാപാത്രം തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ചെയ്ത സിനിമയാണ് കിഴക്കുണരും പക്ഷി. പക്ഷെ സിനിമ വലിയ വിജയം നേടിയില്ല. ലേഡീസായ എന്റെ ഫാന്‍സിന് ചിലപ്പോള്‍ എന്റെ വില്ലന്‍ വേഷം ഇഷ്ടപ്പെട്ട് കാണില്ല. പുരുഷന്മാര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്കുശേഷം സ്വന്തമായി ഡബ്ബ് ചെയ്യാതിരുന്നതും തെറ്റായിപ്പോയി.
അന്നത്തെ തിരക്ക് പിടിച്ച സാഹചര്യം കൊണ്ടാണ് അങ്ങനെ ചെയ്തത്. ചെന്നൈയിലായിരുന്നു മലയാള സിനിമയുടെ ഡബ്ബിങ് എല്ലാം. ശബ്ദം ഒരു നടന്റെ ഐഡന്റിറ്റിയാണെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. 1983 മുതലാണ് ഒരു വര്‍ഷം തന്നെ നിരവധി സിനിമകള്‍ ചെയ്ത് തുടങ്ങിയത്. അതിന് മുമ്പ് വരെ ഏഴോ, എട്ടോ സിനിമകള്‍ മാത്രമാണ് ചെയ്തത്.
പിന്നീട് ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. ഇടയ്ക്ക് തമിഴിലും സിനിമകള്‍ ചെയ്യുമായിരുന്നു. ഓടി നടന്ന് മടുത്തിട്ട് ഇരുന്ന് കരഞ്ഞിട്ടുണ്ട്. എനിക്ക് മാത്രമെ അന്ന് എസി റൂം അണിയറപ്രവര്‍ത്തകര്‍ തന്നിരുന്നുള്ളു. സുഹൃത്തുക്കളെല്ലാം അവിടെയുണ്ടാകും. തിരുവനന്തപുരത്താണ് അന്ന് ഏറെയും ഷൂട്ട് നടന്നിരുന്നത്. നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവരെല്ലാം ഉണ്ടാകും. എനിക്ക് രാവിലെ ഷൂട്ടിന് പോകണം.
ഇവരെല്ലാം കിടന്നുറങ്ങുന്നുണ്ടാകും. ദൈവമേ എനിക്ക് റെസ്റ്റ് എടുക്കാന്‍ സമയം ഇല്ലല്ലോയെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഒരു സിനിമ കഴിയാറാകുമ്പോള്‍ ഇനി കുറച്ചുനാള്‍ ബ്രേക്ക് എടുക്കാമെന്ന് പ്ലാന്‍ ചെയ്യും. പക്ഷെ അപ്പോഴേക്കും ആരെങ്കിലും ഒരു കഥയായിട്ട് വരും. സിനിമയെ ഞാന്‍ ബിസിനസായി കണ്ടിട്ടില്ല. പറഞ്ഞ പ്രതിഫലം മുഴുവനായും കിട്ടാറുമുണ്ടായിരുന്നില്ല.
പല നിര്‍മാതാക്കളും എന്റെ സുഹൃത്തുക്കളുമായിരുന്നു. ആരെയും ദ്രോഹിക്കാനും പോകാറില്ലായിരുന്നുവെന്നും ശങ്കര്‍ പറയുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാല്‍ വില്ലനായിരുന്നുവെങ്കിലും പുള്ളി പുള്ളിയുടേതായ ഒരു സ്റ്റൈല്‍ ക്രിയേറ്റ് ചെയ്തു. അത് പില്‍ക്കാലത്ത് അദ്ദേഹത്തിന് ഗുണം ചെയ്തുവെന്നും ശങ്കര്‍ പറയുന്നു.