Breaking NewsBusiness

മൂല്യമേറിയ ടെക് കമ്പനി; ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയിൽ ഇടം നേടി റിലയൻസ് ഇൻഡസ്ട്രീസ്

കൊച്ചി: ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് ആഗോള ടെക് കമ്പനികളുടെ സവിശേഷ പട്ടികയിൽ ഇടം നേടി റിലയൻസ് ഇൻഡസ്ട്രീസ്. ലിസ്റ്റ് ചെയ്ത ടോപ് 30 ആഗോള ടെക്‌നോളജി കമ്പനികളുടെ പട്ടികയിലാണ് ശതകോടീശ്വര സംരംഭകനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഇടം പിടിച്ചിരിക്കുന്നത്. ‘ട്രെൻഡ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന 340 പേജുള്ള റിപ്പോർട്ടിലാണ് ടോപ് 30 കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ടേക്‌നോളജി അതിവേഗത്തിൽ സ്വീകരിക്കുകയും എഐ ടെക്‌നോളജിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കമ്പനികളെ കണ്ടെത്തുന്നതിന്റെ കൂടി ഭാഗമായാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനികളുടെ റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ്, എൻവിഡിയ, ആപ്പിൾ, ആമസോൺ, ആൽഫബെറ്റ്, മെറ്റ പ്ലാറ്റ്‌ഫോംസ്, ടെസ്ല, ബ്രോഡ് കോം തുടങ്ങിയ യുഎസ് ടെക്‌നോളജി ഭീമന്മാരാണ് പട്ടികയിലെ ആദ്യ എട്ട് സ്ഥാനങ്ങൾ കീഴടക്കിയിരിക്കുന്നത്. തായ് വാന്റെ ടിഎസ്എംസി പട്ടികയിൽ ഒമ്പതാം സ്ഥാനത്തുണ്ട്. ചൈനയിലെ പ്രശസ്ത ടെക് കമ്പനിയായ ടെൻസന്റ് പത്താം സ്ഥാനത്താണ്. 216 ബില്യൺ ഡോളർ വിപണി മൂല്യവുമായി റിലയൻസ് ഇൻഡസ്ട്രീസ് 23ാം സ്ഥാനത്താണുള്ളത്.

Signature-ad

1995 മുതൽ 2025 വരെയുള്ള 30 വർഷത്തിനിടെ ആകെ 5 കമ്പനികൾക്ക് മാത്രമാണ് ടോപ് 30 പട്ടികയിൽ സ്ഥിരമായി ഇടംപിടിക്കാൻ സാധിച്ചത്. മൈക്രോസോഫ്റ്റ്, ഓറക്കിൾ, സിസ്‌കോ, ഐബിഎം, എടിആൻഡ് ടി തുടങ്ങിയവയാണ് ഈ കമ്പനികൾ. പട്ടികയിലെ പുതു കമ്പനികളെന്ന നിലയിലാണ് എൻവിഡിയ, ആപ്പിൾ, ആമസോൺ, ആൽഫബെറ്റ്, മെറ്റ, ടെസ്ല, ആലിബാബ, സെയ്ൽസ്‌ഫോഴ്‌സ്, ചൈന മൊബൈൽ എന്നിവയ്‌ക്കൊപ്പം റിലയൻസും ഇടം പിടിച്ചിരിക്കുന്നത്.

1995ൽ, ഏറ്റവും മൂല്യവത്തായ ടെക് കമ്പനികളിൽ 53 ശതമാനവും (30ൽ 16) 2025ൽ 70 ശതമാനവും (30ൽ 21) സംഭാവന ചെയ്തത് അമേരിക്കയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം 1995ൽ മികച്ച ടെക് കമ്പനികളിൽ 30 ശതമാനം കേന്ദ്രീകരിച്ചത് ജപ്പാനിലായിരുന്നു. 2025ൽ അത് പൂജ്യമായി മാറി. യുകെ, സിംഗപ്പൂർ, ഹോങ്കോംഗ്, മെക്‌സിക്കോ, മലേഷ്യ എന്നിവിടങ്ങളിൽ നിന് ഓരോ കമ്പനികൾ വീതം 1995ൽ പട്ടികയിൽ ഇടം നേടിയിരുന്നെങ്കിലും ഇന്ന് ഇവിടെനിന്ന് ഒരു കമ്പനി പോലും പട്ടികയിൽ ഇല്ല.

ഈ വർഷം ചൈനയിൽ നിന്ന് മൂന്ന് കമ്പനികളും ജർമ്മനിയിൽ നിന്ന് രണ്ട് കമ്പനികളും തായ്വാൻ, നെതർലാൻഡ്സ്, ദക്ഷിണ കൊറിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് ഓരോ കമ്പനി വീതവും ഏറ്റവും മൂല്യമേറിയ ടെക്‌നോളജി കമ്പനികളുടെ പട്ടികയിൽ ഇടം നേടി. പട്ടികയിൽ തായ്വാനിൽ നിന്ന് ഒരു കമ്പനി മാത്രമേയുള്ളൂവെങ്കിലും ലോകത്തിലെ ഏറ്റവും നൂതനമായ സെമികണ്ടക്ടറുകളുടെ 80-90 ശതമാനവും ആഗോള സെമികണ്ടക്ടറുകളുടെ 62 ശതമാനവും നിർമിക്കുന്നത് ടിഎസ്എംസി എന്ന തായ് വാൻ കമ്പനിയാണ്. ഏറ്റവുമധികം ചാറ്റ് ജിപിടി മൊബൈൽ ആപ്പ് ഉപയോക്താക്കൾ ഉള്ളത് ഇന്ത്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഓപ്പൺ എഐ വികസിപ്പിച്ച എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ പ്രതിമാസ സജീവ ഉപയോക്താക്കളിൽ 13.5 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്.

Back to top button
error: