ബെതലിന്റെ പോരാട്ടവീര്യത്തിനിരിക്കട്ടെ ഒരു കയ്യടി, പക്ഷെ കളി ചേട്ടന്മാർ തൂക്കി… ഇന്ത്യയ്ക്ക് 7 റൺസ് വിജയം!! ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് എതിരിടാൻ സൂര്യയും സംഘവും തയാർ

മുംബൈ: ഞായറാഴ്ച നടക്കുന്ന ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് എതിരിടാൻ ടീം ഇന്ത്യ തയാർ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിനു വിജയിച്ചാണ് ഇന്ത്യ തുടർച്ചയായ രണ്ടാം ഫൈനലിനു യോഗ്യത നേടിയത്. ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തു. 48 പന്തിൽ 105 റൺസുമായി ജേക്കബ് ബെതൽ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല.
പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഫിൽ സോൾട്ട് (അഞ്ച്), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (ആറു പന്തിൽ ഏഴ്), ജോസ് ബട്ലർ (17 പന്തിൽ 25) എന്നിവരുടെ വിക്കറ്റുകളാണ് പവർപ്ലേ തീരും മുൻപേ ഇന്ത്യ വീഴ്ത്തിയത്. സ്കോർ 13ൽ നിൽക്കെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഫിൽ സോൾട്ടിനെ ഹാർദിക് പാണ്ഡ്യ ബോൾഡാക്കി. ഹാരി ബ്രൂക്ക് ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ചപ്പോൾ തകർപ്പനൊരു ക്യാച്ചിലൂടെ അക്ഷർ പട്ടേൽ പുറത്താക്കി.
പിന്നാലെ വരുൺ ചക്രവർത്തിയെറിഞ്ഞ ആറാം ഓവറിലെ മൂന്നു പന്തുകൾ തുടർച്ചയായി ജേക്കബ് ബെതൽ സിക്സർ പറത്തി. തൊട്ടുപിന്നാലെ സ്ട്രൈക്ക് മാറിയെത്തിയ ജോസ് ബട്ലറെ ബോൾഡാക്കിയാണ് വരുൺ ചക്രവർത്തി ഇംഗ്ലണ്ടിനു മറുപടി നൽകി. പവർപ്ലേയിൽ 68 റൺസടിച്ച ഇംഗ്ലണ്ട് 8.1 ഓവറിൽ 100 പിന്നിട്ടു. ടോം ബാന്റനെ അക്ഷർ പട്ടേൽബോൾഡാക്കിയെങ്കിലും പിന്നാലെയെത്തിയ വിൽ ജാക്സ്, ബെതലിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. 77 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. സ്കോർ 172 ൽ നിൽക്കെ സിക്സടിക്കാനുള്ള വിൽ ജാക്സിന്റെ ശ്രമം പാളി. ബൗണ്ടറി ലൈനിൽ വച്ച് പന്തു പിടിച്ചെടുത്ത അക്ഷർപട്ടേൽ, ബൗണ്ടറിക്കപ്പുറത്തേക്കു വീഴുംമുൻപ് പന്ത് ശിവം ദുബെയ്ക്ക് ഇട്ടുകൊടുത്തതോടെ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റും നഷ്ടം.
അതേസമയം ജസ്പ്രീത് ബുമ്രയെറിഞ്ഞ 18–ാം ഓവറാണ് കളിയിൽ നിർണായകമായത്. ആ ഓവറിൽ ഇംഗ്ലണ്ടിന് ആറു റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ഇതോടെ ഇംഗ്ലണ്ടിന് 12 പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് 39 റൺസ്. ഹാർദിക് പാണ്ഡ്യയുടെ 19–ാം ഓവറിലെ ആദ്യ പന്തിൽ സിക്സടിച്ച് ജേക്കബ് ബെതൽ സെഞ്ചുറിയിലെത്തി. തൊട്ടുപിന്നാലെ സാം കറനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. അവസാന ഓവറിൽ 30 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട്, ആദ്യ പന്തിൽതന്നെ ജേക്കബ് ബെതൽ റണ്ണൗട്ടായതോടെ തോൽവി തോൽവി ഉറപ്പായി. ശിവം ദുബെയുടെ അവസാന രണ്ട് പന്തുകളും ജോഫ്ര ആർച്ചർ സിക്സടിച്ചെങ്കിലും അപ്പോഴേക്കും വിജയലക്ഷ്യം ഇംഗ്ലണ്ടിന് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമെത്തിയിരുന്നു.
അതേമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 253 റൺസെടുത്തു. സഞ്ജു സാംസൺ, ഒരിക്കൽ കൂടി ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂണായപ്പോൾ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ. 42 പന്തുകൾ നേരിട്ട സഞ്ജു ഏഴ് സിക്സും എട്ട് ഫോറുമടക്കം 89 റൺസെടുത്താണ് മടങ്ങിയത്. 14-ാം ഓവറിൽ സഞ്ജു പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്കോർ 160-ൽ എത്തിയിരുന്നു. ശിവം ദുബെ, ഇഷാൻ കിഷൻ, തിലക്, പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളും ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി പിന്നിട്ട സഞ്ജുവിന്റെ തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തത്. 9 റൺസെടുത്ത് അഭിഷേക് പുറത്തായെങ്കിലും ഇഷാൻ കിഷനുമായി ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തി.
ആദ്യ ഓവറിൽ തന്നെ ജോഫ്ര ആർച്ചറെ ഫോറും സിക്സുമടിച്ചാണ് സഞ്ജു വരവേറ്റത്ത്. എന്നാൽ രണ്ടാം ഓവറിൽ അഭിഷേക് ശർമയുടെ (9) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ഇതിനിടെ സഞ്ജുവിന്റെ സ്കോർ 15 നിൽകവെ ക്യാച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബ്രൂക്ക് കളഞ്ഞുകുളിച്ചതോടെ സഞ്ജു കൂടുതൽ അപകടകാരിയായി. പലപ്പോഴും സഞ്ജുവിനെ വീഴ്ത്തിയ ആർച്ചറെ തുടരെത്തുടരെ അതിർത്തികടത്തിയതോടെ ആർച്ചറെ ഇംഗ്ലണ്ട് ക്യാപ്റ്റൻ തിരികെ വിളിക്കുകയായിരുന്നു. പിന്നീട് 19-ാം ഓവറിലാണ് ആർച്ചർ പന്ത് കയ്യിലെടുത്തത്. ഇംഗ്ലണ്ട് നിരയിൽ ടീം ഇന്ത്യയിൽ നിന്ന് ഏറ്റവും അടി ഏറ്റുവാങ്ങിയതും ആർച്ചർ തന്നെയാണ്. ആർച്ചറിന്റെ ഓവറുകളിൽ 61 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇതിനിടെ ഒരു വിക്കറ്റും സ്വന്തമാക്കി. തൊട്ടുപിന്നിലുള്ളത് സാം കരണാണ്. 53 മൂന്ന് റൺസാണ് സാം വിട്ടു നൽകിയത്.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 9 റൺസെടുത്ത് അഭിഷേക് പുറത്തായതോടെ രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാൻ കിഷനും ചേർന്നു ബൗണ്ടറികളുടെ പൂരപ്പറമ്പ് തീർത്തു. പവർപ്ലേയിൽ ഇന്ത്യ 67 റൺസുമടിച്ചു. തുടർന്നു ഇരുവരും 45 പന്തിൽ നിന്ന് 97 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 18 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 39 റൺസെടുത്ത ഇഷാനെ പുറത്താക്കി ആദിൽ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
എന്നാൽ പിന്നീടെത്തിയ ശിവം ദുബെയെ കൂട്ടുപിടിച്ച് സഞ്ജു അടി തുടർന്നു. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സഞ്ജുവിനെ 14-ാം ഓവറിൽ വിൽ ജാക്ക്സ് വീഴ്ത്തി. ഒരു സിക്സറിനുള്ള ശ്രമം ഫിൽ സാൾട്ടിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 22 പന്തിൽ നിന്ന് 43 റൺസ് സ്കോർ ബോർഡിൽ ചേർത്തു. പിന്നീടെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 11 റൺസെടുക്കാനേ സാധിച്ചുള്ളൂ.
പിന്നീട് ഹർദിക്കും ദുബെയും ചേർന്ന് ഇന്ത്യൻ സ്കോർ മുന്നോട്ട് നീക്കിയെങ്കിലും 18-ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുമായുള്ള ധാരണപ്പിശകിൽ ദുബെ റണ്ണൗട്ടാകുകയും ചെയ്തു. പിന്നാലെ ഏഴു പന്തിൽ 21 റൺസടിച്ച തിലക് വർമയും 12 പന്തിൽ 27 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും ചേർന്ന് സ്കോർ 250 കടത്തി.






