സ്വരാജ് മത്സരത്തിനില്ല, പി സരിന് സീറ്റില്ല,!! കുന്നംകുളത്ത് എസി മൊയ്തീൻ, വൈപ്പിനിൽ എംപി ഷൈനി… പാലക്കാട് തീരുമാനം കോൺഗ്രസ് പ്രഖ്യാപിച്ച ശേഷം? സിപിഎം ആദ്യ സാധ്യതാ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സംസ്ഥാന സമിതിയിൽ തീരുമാനമായി. കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരിൽ സി രവീന്ദ്രനാഥ്, വൈപ്പിനിൽ എംപി ഷൈനി, തൃപ്പൂണിത്തുറയിൽ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർത്ഥികൾ ആകും.
അതേസമയം, കോൺഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പി സരിനും സീറ്റ് നൽകിയിട്ടില്ല. സരിന് സീറ്റുണ്ടാകുമെന്ന സൂചനയായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. അതുപോലെ പാർട്ടിയിലെ യുവനേതാവ് എം സ്വരാജ് മത്സരിക്കില്ലെന്നാണ് വിവരം. നെന്മാറയിൽ കെ പ്രേമനും ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം ശശിയു മത്സരിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതിന് ശേഷമേ പാലക്കാട് സ്ഥാനാർത്ഥിയെ തീരുമാനിക്കൂവെന്നാണ് വിവരം.
ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. മെമ്പർഷിപ്പ് പുതുക്കണമെന്ന എംവി ഗോവിന്ദൻറെ ആവശ്യം തള്ളി വീണ്ടും പാർട്ടിയെ മുൾമുനയിൽ നിർത്തുകയാണ് സുധാകരൻ. സുധാകരനെ ചേർത്ത് നിർത്തും വിധത്തിൽ എംഎ ബേബി അടക്കം പ്രതികരിക്കുന്നുണ്ട്.എന്നാൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പരിഹാസച്ചിരിയിൽ മുറിവേറ്റ സുധാകരൻ ഉടക്കിൽ തന്നെയാണ്.
വാർത്താസമ്മേളനത്തിൽ പരിഹസിച്ചില്ലെന്നും ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ഫോണിൽ വിളിച്ച് അറിയിച്ചു. മെമ്പർഷിപ്പ് പുതുക്കണമെന്നും ആവശ്യപ്പെട്ടു. പാർട്ടി സെക്രട്ടറി നേരിട്ട് വിളിച്ച് വിശദീകരിച്ചിട്ടും തീരുമാനത്തിൽ മാറ്റമില്ലെന്നും മെമ്പർഷിപ്പ് പുതുക്കില്ലെന്നും ജി സുധാകരൻ ആവർത്തിച്ചു. അതിനിടെ, ഫേസ്ബുക്ക് പോസ്റ്റിൽ പേരെടുത്ത് വിമർശനമുണ്ടെങ്കിലും തനിക്കെതിരെ ജി സുധാകരൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചു. പിന്നാലെ വിമതഗ്രൂപ്പുമായി ചങ്ങാത്തം കൂടാനിറങ്ങിയ പികെ ശശിയെ നേതൃത്വം പുറത്താക്കി.






