KeralaNEWS

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്: പണമൊഴുകുന്നത് മുംബൈയിലേക്ക്; തെളിവുകള്‍ ശേഖരിച്ച് വിജിലന്‍സ്

കൊച്ചി: എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. താനയിലെ ബോറാ കമോഡിറ്റിസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. ഇത് ഷെല്‍ കമ്പനിയയാണെന്ന് സ്ഥിരീകരിച്ചു.

ഇഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന പണം എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമസ്ഥരായി കാണിച്ചിരിക്കുന്നത് രണ്ട് മുംബൈ സ്വദേശികളാണ്. എന്നാല്‍ ഇതില്‍ ഒരാള്‍ക്ക് കമ്പനിയെക്കുറിച്ച് അറിയില്ല, രണ്ടാമത്തെ മേല്‍വിലാസം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Signature-ad

അതിനിടെ,കഴിഞ്ഞദിവസം കൊച്ചി ഇഡി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ പ്രതിയായ കൈക്കൂലി കേസിലെ വിവരശേഖരണത്തിനാണ് പരിശോധനയെന്ന് വിജിലന്‍സ് അറിയിച്ചു. രേഖകളും സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാന്‍ വിജിലന്‍സ് നീക്കം ആരംഭിച്ചിട്ടുണ്ട്.

പരാതിക്കാരനായ അനീഷ് ബാബുവിനെതിരേയുള്ള രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സ് ഇഡിക്ക് കത്ത് നല്‍കിയിരുന്നു. പക്ഷേ കത്തിന് കൃത്യമായൊരു മറുപടി നല്‍കാന്‍ ഇഡി തയാറായില്ല. വിവരങ്ങള്‍ കൈമാറാന്‍ ഇഡി തയാറാകാത്ത സാഹചര്യത്തിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇഡി ഓഫീസില്‍ എത്തി പരിശോധന നടത്തിയത്.

ഓഫീസിലെത്തിയ വിജിലന്‍സ് സംഘം, തങ്ങള്‍ക്ക് വേണ്ട രേഖകളുടേയും തെളിവുകളുടേയും ലിസ്റ്റ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള നീക്കമാണ് വിജിലന്‍സ് നടത്തിയിരിക്കുന്നത്. നിയമപരമായി ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ രേഖകള്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയാണ് വിജിലന്‍സ് ചെയ്തിരിക്കുന്നത്. ഈ നോട്ടീസിന് കൃത്യമായ മറുപടി നല്‍കാത്തപക്ഷം വിജിലന്‍സിന്റെ ഭാഗത്തുനിന്നും കൂടുതല്‍ നിയമനടപടികള്‍ ഉണ്ടാകും.

ഇടനിലക്കാര്‍ മുഖേന വന്‍ തുക കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കുന്നു എന്നാണ് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരായ ആരോപണം.

 

Back to top button
error: