KeralaNEWS

അതു ചെറിയേ ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്! ഉദ്ഘാടകനായി പാണക്കാട് അബ്ബാസ് അലി തങ്ങള്‍, ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് പര്യടനത്തിന് തുടക്കം

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മണ്ഡല പര്യാടനം മുസ്ലിം ലീഗ് നേതാവ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പോത്തുകല്‍ മുണ്ടേരിയില്‍ നിന്നാണ് പഞ്ചായത്ത് പര്യടനം ആരംഭിച്ചത്. ഇന്നലെ വേറെ പരിപാടികള്‍ ഉണ്ടായിരുന്നതിനാലാണ് യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതെന്നും, ഇനിയുള്ള പ്രചാരണ പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കുമെന്നും അബ്ബാസ് അലി പറഞ്ഞു.

യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ മറ്റൊരു വിഷയവുമില്ല. ചെറിയ കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടായി. ഇനിയുള്ള എല്ലാ പരിപാടികളും പങ്കെടുക്കും. ഇടതുപക്ഷ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാനുള്ള അവസരമാണ് ലഭിച്ചിട്ടുള്ളത്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കുമെന്നും പാണക്കാട് അബ്ബാസ് അലി തങ്ങള്‍ പറഞ്ഞു.

Signature-ad

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളായ പി കെ ബഷീര്‍ എംഎല്‍എ, എ പി അബ്ദുള്‍ വഹാബ് എംപി, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായാ എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് വി എസ് ജോയ് തുടങ്ങിയവര്‍ സംബന്ധിച്ചു. നിലമ്പൂരില്‍ ഇന്നലെ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജിന് പോയതിനാല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പകരം, ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ കൂടിയായ പാണക്കാട് അബ്ബാസ് അലി തങ്ങളെയാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നിയോഗിച്ചിരുന്നത്. എന്നാല്‍ ജില്ലയില്‍ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനിലേക്കെത്തിയിരുന്നില്ല. പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാത്ത യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സമീപകാല ചരിത്രത്തിലാദ്യമാണ്.

പാണക്കാട് കുടുംബത്തിന്റെ അസാന്നിധ്യം വിവാദമായതോടെയാണ് പാണക്കാട് അബ്ബാസ് അലി തങ്ങളെക്കൊണ്ട് മണ്ഡല പര്യടന പരിപാടി ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചത്. യുഡിഎഫ് കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് നേതാക്കളും മുന്‍ കെപിസിസി പ്രസിഡന്റുമാരുമായ കെ സുധാകരനും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല. നിലമ്പൂരില്‍ നടന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: