
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവര്‍ക്ക് താല്‍പര്യമില്ലാത്ത കേസുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് തീരുമാനം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സ്റ്റോറിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മെന്‍ഷനും ചെയ്തിട്ടുണ്ട്.
‘നമ്മുക്ക് ഇനി കമ്മിറ്റി രൂപവത്കരിക്കാന്‍ കാരണമായ യഥാര്‍ത്ഥ കാര്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാമല്ലോ അല്ലേ? സിനിമാമേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നയങ്ങള്‍ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം? അതില്‍ എന്താണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ സംഭവിക്കുന്നത്. വലിയ ധൃതിയൊന്നുമില്ല, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചരവര്‍ഷമല്ലേ ആയുള്ളൂ’- എന്നായിരുന്നു പാര്‍വതിയുടെ കുറിപ്പ്.

മൊഴി കൊടുത്തവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. 21 എണ്ണം നേരത്തെ ഒഴിവാക്കിയിരുന്നു. ബാക്കി വന്ന 14 കൂടി അവസാനിപ്പിച്ച് ഈ മാസം തന്നെ കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കും.
കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി 2019 ഡിസംബര്‍ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 233 പേജുകളാണ് പുറത്തുവിട്ടത്. വ്യക്തി വിവരങ്ങള്‍ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടുകളാണ് പരസ്യപ്പെടുത്തിയത്.