
തിരുവനന്തപുരം: പുതിയ ഡിസിസി പ്രസിഡന്റുമാരെയും കെപിസിസി ഭാരവാഹികളെയും പ്രഖ്യാപിക്കുന്നതിനുമുന്‍പ് നേതാക്കളില്‍നിന്ന് അഭിപ്രായം തേടാന്‍ എല്ലാ ജില്ലകളിലും എഐസിസിയുടെ മറുനാടന്‍ നിരീക്ഷകരെത്തും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മൂന്നു നിരീക്ഷകരെവീതം ഏതാണ്ട് ഒരേ സമയത്ത് 14 ജില്ലകളിലുമയച്ച്, പ്രാദേശിക നേതാക്കളുടെ അഭിപ്രായം ആരായാനാണ് നീക്കം. 30 ദിവസത്തിനകം തീരുമാനമെടുക്കേണ്ടതിനാല്‍ ഉടന്‍തന്നെ നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി എഐസിസിക്ക് സമര്‍പ്പിക്കും. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച്, ഹൈക്കമാന്‍ഡ് ഇതില്‍നിന്ന് ഒരുപേരിലേക്ക് എത്തും. കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെയും മറ്റു ഭാരവാഹികളുടെയും കാര്യത്തിലും ഇതേതരത്തില്‍ അഭിപ്രായം തേടും. തൃശ്ശൂര്‍ ഒഴികെയുള്ള 13 ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാര്‍ക്ക് മാറ്റമുണ്ടാകുമെന്നാണ് സൂചന. ചിലപ്പോള്‍ അവിടെയും മാറ്റമുണ്ടാകും.

കഴിഞ്ഞ പുനഃസംഘടനയില്‍ സമുദായം, ചില നേതാക്കളുടെ താത്പര്യം തുടങ്ങിയ പരിഗണനയില്‍ പരിചയവും കാര്യപ്രാപ്തിയുമില്ലാത്തവര്‍ നേതൃസ്ഥാനങ്ങളിലെത്തിയെന്ന വിലയിരുത്തല്‍ എഐസിസിക്കുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും മികവ് വിലയിരുത്തി നല്‍കിയ റിപ്പോര്‍ട്ടും എഐസിസിക്കു മുന്നിലുണ്ട്.
30 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് പറഞ്ഞിരിക്കുന്നതെങ്കിലും ഒന്നരമാസത്തിനകമെങ്കിലും പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ ശക്തിപ്പെടുത്തണമെന്ന് അഹമ്മദാബാദ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതിനുശേഷം ഗുജറാത്തില്‍ നിരീക്ഷകരെ നിയോഗിച്ച് അഭിപ്രായം സ്വരൂപിച്ച്, ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കുകയാണ്. ഈ മാതൃകതന്നെ കേരളത്തിലും സ്വീകരിക്കും. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 60 ദിവസമെങ്കിലും വേണ്ടതിനാല്‍, കേരളത്തില്‍ ഗുജറാത്ത് മാതൃക വേണ്ടെന്ന അഭിപ്രായവും നേതൃതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്.