KeralaNEWS

ബവ്‌റിജസ് ഔട്‌ലെറ്റിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചത് 45,000 കെയ്‌സ് മദ്യം; 5 കോടിയുടെ നഷ്ടം; ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ‘വെള്ളംകുടി’ മുട്ടുമോ?

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള മദ്യ വിതരണ കേന്ദ്രത്തിലുണ്ടായ അഗ്‌നിബാധയില്‍ ബവ്‌റിജസ് കോര്‍പറേഷന് വന്‍ നഷ്ടം. ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ 45,000 കെയ്‌സ് മദ്യം കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. 5 കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടവും കണക്കാക്കുന്നു. ഇന്ന് വിശദമായ പരിശോധന നടക്കും. ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് സ്ഥലം സന്ദര്‍ശിക്കും.

ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള മദ്യമാണ് കത്തി നശിച്ചത്. ബിയര്‍ സംഭരിച്ചിരുന്ന സ്ഥലത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ പിന്‍വശത്ത് വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നത് ആകാമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയില്‍ നിന്നും എത്തിയ അഗ്‌നിശമനസേന തീ അണച്ചു.

Back to top button
error: