Breaking NewsSports

നായകനെത്തി, ഇനി എല്ലാം അവൻ നോക്കിക്കോളും, സുഖമായി ഒന്നുറങ്ങാം, രാജസ്ഥാൻ ബാറ്റിങ്ങിനിടെ കൗതുകമുണർത്തി ജോഫ്ര ആർച്ചറിന്റെ ഉറക്കം- വീഡിയോ

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കു സഞ്ജുവെത്തിയതോടെ അടിമുടി മാറിയ ടീമിനെയായിരുന്നു ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും അവർ പഞ്ചാബ് നിരയിൽ തുടരെത്തുടരെ പ്രഹരമേൽപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ എത്ര റൺസിനാകും പഞ്ചാബിന്റെ തോൽവി എന്നറിഞ്ഞാൽ മതി എന്നായി സ്ഥിതി. ഇതിനിടെ യാതൊരു ടെൻഷനുമില്ലാതെ ഉറങ്ങുന്ന ഒരു താരത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറൽ.

അത് മറ്റാരുമല്ല ഐപിഎൽ സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിലും നിറംകെട്ട പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ. ഒരു വിക്കറ്റുപോലും നേടാനാവാതെ 109 റൺസ് വഴങ്ങിയ ആർച്ചർ വലിയ വിമർശനത്തിന് പാത്രമായിരുന്നു ആർച്ചർ. പക്ഷേ, സഞ്ജു സാംസൺ ക്യാപ്റ്റനായെത്തിയ ഒറ്റ മത്സരത്തിലെ പ്രകടനംകൊണ്ട് ആർച്ചർ എതിർത്തുപറഞ്ഞവരെയെല്ലാം എഴുന്നേൽപ്പിച്ചുനിർത്തി. ശനിയാഴ്ച പഞ്ചാബ് കിങ്‌സിനെതിരേ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്നുവിക്കറ്റുകളാണ് താരം നേടിയത്.

Signature-ad

ടോസ് നഷ്ടപ്പെട്ട് രാജസ്ഥാൻ ബാറ്റുചെയ്യുന്നതിനിടെയാണ് കൗതുകമുണർത്തുന്ന കാഴ്ച ക്യാമറക്കണ്ണിൽ പതിഞ്ഞത്. 14-ാം ഓവറിനിടെ രാജസ്ഥാൻ റോയൽസിന്റെ ഡ്രസ്സിങ് റൂമിൽ ബ്ലാങ്കറ്റ് പുതച്ച് ജോഫ്ര ആർച്ചർ ഉറങ്ങുന്നത് ക്യാമറ ഒപ്പിയെടുത്തു. പിന്നീട് ആർച്ചർ ബാറ്റിങ്ങിനിറങ്ങുന്നതിനുവേണ്ടി ഹെൽമറ്റും ഗ്ലൗസും ധരിച്ച് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, നിശ്ചിത ഓവറിൽ നാലു വിക്കറ്റുകൾ മാത്രം വീണതിനാൽ ആർച്ചറിന് ബാറ്റിങ്ങിനിറങ്ങേണ്ടിവന്നില്ല.

മത്സരത്തിൽ 50 റൺസിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ നാലുവിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ്, ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസേ നേടിയുള്ളൂ. 45 പന്തിൽ 67 റൺസ് നേടി യശസ്വി ജയ്‌സ്വാൾ ആണ് രാജസ്ഥാൻ നിരയിലെ ടോപ് സ്‌കോറർ. സഞ്ജു സാംസൺ ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരംകൂടിയായിരുന്നു ഇത്. ഒന്നാംവിക്കറ്റിൽ സഞ്ജുവും ജയ്‌സ്വാളും ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: