
കോഴിക്കോട്: കായപ്പനച്ചിയില്‍ സുഹൃത്തിനെ കാണാനെത്തിയ മധ്യവയസ്‌കനുനേരേ ആക്രമണംനടന്നതായി പരാതി. ആക്രമിച്ച യുവാവിന്റെപേരില്‍ പോലീസ് കേസെടുത്തു. ഇരിങ്ങണ്ണൂരിലെ പള്ളിയില്‍ താഴെക്കുനി പ്രകാശ(53)നാണ് അപരിചിതനില്‍നിന്ന് അകാരണമായി ആക്രമണം നേരിട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.45-ന് കായപ്പനച്ചി എകെജി റോഡരികില്‍വെച്ച് കായപ്പനച്ചി സ്വദേശി അര്‍ജുന്‍ (23) എന്ന യുവാവ് കാരണമില്ലാതെ കടന്നാക്രമിച്ചെന്നാണ് പരാതി. പ്രകാശനെ തടഞ്ഞുവെച്ച് വണ്ടിയില്‍നിന്ന് ചവിട്ടിവീഴ്ത്തുകയായിരുന്നെന്നാണ് പറയുന്നത്. തലയ്ക്കും കണ്ണിനുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ പരിക്കുകളോടെ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തിനിടെ പ്രതി പ്രകാശന്റെ മൊബൈല്‍ഫോണ്‍ എറിഞ്ഞുതകര്‍ക്കുകയും വാഹനം ചവിട്ടിമറിച്ചിടുകയും ചെയ്തതില്‍ ഏകദേശം 15,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടന്ന് പ്രകാശന്‍ നാദാപുരം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.