KeralaNEWS

തൊഴില്‍ പീഡനമല്ലെന്ന് യുവാക്കള്‍, സ്ഥാപന ഉടമയെ കുടുക്കാന്‍ ശ്രമം? പീഡനമല്ലെന്ന വിലയിരുത്തലില്‍ തൊഴില്‍വകുപ്പും

എറണാകുളം: ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് മുട്ടുകുത്തിച്ച് നടത്തിക്കുന്നതിന്റെയും വസ്ത്രം ഉരിയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, നടന്നത് തൊഴില്‍പീഡനമല്ലെന്ന് യുവാക്കള്‍. സ്ഥാപനത്തെ കുടുക്കാനുള്ള ശ്രമമെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പ്രതികരണം. നടന്നതു തൊഴില്‍പീഡനമല്ലെന്നാണ് തൊഴില്‍വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തുന്നത്. പെരുമ്പാവൂരിലെ കമ്പനിയില്‍ നടന്ന കാര്യങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നാണ് റിപ്പോര്‍ട്ട്. ദൃശ്യത്തില്‍ ഉള്‍പ്പെട്ട യുവാക്കളില്‍നിന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ മൊഴിയെടുത്തിരുന്നു. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നത്തെ തൊഴില്‍ പീഡനമായി ചിത്രീകരിച്ചെന്നാണു തൊഴില്‍വകുപ്പ് കരുതുന്നത്. അതേസമയം മറിച്ചുള്ള തെളിവുകളും തൊഴില്‍വകുപ്പ് പരിശോധിക്കുകയാണ്.

സ്ഥാപനത്തോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ മനാഫ് മനഃപൂര്‍വം വീഡിയോ ചിത്രീകരിച്ചുവെന്നാണ് ദൃശ്യങ്ങളിലുള്ള യുവാക്കളുടെ വെളിപ്പെടുത്തല്‍. ”ജനറല്‍ മാനേജരായ ഉബൈല്‍ ലീവിന് പോയ സമയത്താണ് വീഡിയോ എടുത്തത്. അന്ന് മാനേജരായിരുന്ന മനാഫ് എന്ന വ്യക്തിയാണ് ഇതിനുപിന്നില്‍. സ്ഥാപനത്തെ തകര്‍ക്കാന്‍ വേണ്ടി ചെയ്തതാണ്. മനാഫ് പറഞ്ഞപോലെയാണ് ഞാന്‍ ബെല്‍റ്റ് പിടിച്ചത്. വിഡിയോ ചിത്രീകരിച്ചതും പുറത്തുവിട്ടതും മനാഫ് ആണ്. വീഡിയോ എടുത്തത് ഉബൈലിന്റെ അടുത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ മനാഫിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. പിന്നാലെ ഉബൈലും മനാഫും തമ്മില്‍ തര്‍ക്കമായി.

Signature-ad

വീഡിയോ ചിത്രീകരിച്ചതിന്റെ പേരില്‍ മനാഫിനെ കമ്പനിയില്‍നിന്നു പുറത്താക്കി. കമ്പനി പൂട്ടിക്കാന്‍ വേണ്ടിയാണ് വീഡിയോ പുറത്തുവിട്ടത്. ഒരിക്കലും തൊഴില്‍ പീഡനത്തിന് ഞങ്ങള്‍ ഇരകളായിട്ടില്ല. മനാഫിന് ഉബൈലിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയതായി അറിയില്ല. മനാഫിനെതിരെ പരാതി നല്‍കും. മനാഫിനെ കൊണ്ട് ഇതു വ്യാജ വിഡിയോ ആണെന്ന് തെളിയിപ്പിക്കും.” ദൃശ്യങ്ങളിലെ യുവാക്കള്‍ പറഞ്ഞു.

എന്നാല്‍, സ്ഥാപനത്തില്‍ ക്രൂരമായ തൊഴില്‍ പീഡനം നടന്നതായി ആരോപിച്ച് മുന്‍ ജീവനക്കാരന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു. വായില്‍ ഉപ്പിട്ട് നിറയ്ക്കുക, നായ്ക്കളെ പോലെ നടത്തിക്കുക, ചീഞ്ഞ പഴം നിലത്തിട്ട് അതില്‍ തുപ്പിയ ശേഷം കഴിക്കാന്‍ പറയുക തുടങ്ങിയ ക്രൂരതകള്‍ തന്നെ കൊണ്ട് ചെയ്യിച്ചുവെന്നാണു യുവാവ് അവകാശപ്പെടുന്നത്.

രാത്രി വില്‍പന കഴിഞ്ഞ് ജീവനക്കാര്‍ തിരികെ വരുമ്പോഴാണ് അവലോകന യോഗം ചേര്‍ന്നിരുന്നതും ശിക്ഷ നടപ്പാക്കുന്നതെന്നുമാണ് യുവാവ് പറഞ്ഞത്. 35,000 രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒരിക്കലും 8000 രൂപയില്‍ കൂടുതല്‍ കിട്ടിയിരുന്നില്ലെന്നും യുവാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: