Breaking NewsKeralaLead NewsMovieNEWS

സംഘപരിവാര്‍ പ്രതിഷേധം ഏറ്റു! ഞായറാഴ്ചയും കോടികള്‍ വാരി എമ്പുരാന്‍; അഡ്വാന്‍സ് ബുക്കിംഗ് എട്ടുകോടി കടന്നു; ശനിയാഴ്ച ആഗോള തലത്തില്‍ നേടിയത് 66 കോടി; കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: സിനിമയിലെ അരമണിക്കൂര്‍ രംഗങ്ങളുടെപേരില്‍ വന്‍ വിവാദം തുടരുമ്പോഴും ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടം കൊയ്ത് എമ്പുരാന്‍. ആദ്യ 48 മണിക്കൂറില്‍ നൂറുകോടി ക്ലബിലെത്തിയ സിനിമയുടെ, ഇന്നത്തെ അഡ്വാന്‍സ് ബുക്കിംഗ് 8.20 കോടി കടന്നെന്നാണു കണക്കുകള്‍. ഞായറാഴ്ച എമ്പുരാന് അഡ്വാന്‍സായി 8.20 കോടി നേടാനായി എന്ന് സൗത്ത് ഇന്ത്യ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച മാത്രം കേരളത്തില്‍നിന്ന് 14 കോടിയാണു സിനിമ വാരിയത്. തമിഴ്‌നാട്ടില്‍ രണ്ടുകോടിയും കര്‍ണാടകയില്‍ 3.8 കോടിയും ആന്ധ്രയില്‍ 1.50 കോടിയും വിദേശത്ത് 43.10 കോടിയും ഇന്ത്യയിലെ ബാക്കി ഇടങ്ങളില്‍ 2.50 കോടിയും നിര്‍മാതാക്കളുടെ പോക്കറ്റിലെത്തി. ശനിയാഴ്ച മാത്രം 66 കോടിയോളം എത്തിയെന്നാണു കണക്കുകള്‍.

സീനുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടും സിനിമയുടെ പേരിലുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. സംഘപരിവാര്‍ അനുകൂലികളുടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയില്‍ ഐക്യദാര്‍ഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. സിനിമയെ പിന്തുണച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുവന്നു.

Signature-ad

എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തുക. ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും. ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റാന്‍ ആലോചന ഉണ്ടെങ്കിലും സിനിമയില്‍ ഉടനീളം ആവര്‍ത്തിക്കുന്ന ഈ പേര് മാറ്റാന്‍ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി എന്ന് ഒരു കൂട്ടം പ്രചരണം നടത്തിയപ്പോള്‍ കാണേണ്ട എന്ന തീരുമാനം മാറ്റി ഉടന്‍ ബുക്ക് ചെയ്യുന്നുവെന്ന് മറുവിഭാഗം പ്രചാരം നടത്തിയതോടെയാണു സിനിമയുടെ കളക്ഷന്‍ ഉയര്‍ന്നതെന്നാണു സൂചന. കേരളത്തിലും പുറത്തും ഏതെങ്കിലും കലാസൃഷ്ടികര്‍ക്കെതിരെ സംഘപരിവാര്‍ പ്രചരണം നടത്തുന്നത് ആത്യന്തികമായി അവയ്ക്ക് ഗുണം ചെയ്യുന്ന ചരിത്രമാണ് കണ്ടു വരുന്നത്. ഈ വാരാന്ത്യം കഴിയുന്നതോടെ ചിത്രം 200 കോടിയിലേക്ക് കുതിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വിമര്‍ശനങ്ങളുമായെത്തിയ പല സിനിമകളും ഇത്തരത്തില്‍ ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായി മാറിയിട്ടുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രമായ പത്താന്‍, വിജയുടെ മെര്‍സല്‍ എന്നിവ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായി വലിയ ഹൈപ്പ് നേടിയവയാണ്. പ്രൊപ്പ?ഗണ്ട ചിത്രങ്ങളെ സംഘപരിവാര്‍ ആവിഷ്‌കാര സ്വാതന്ത്യമാണെന്ന് ചൂണ്ടിക്കാട്ടി വലിയ രീതിയില്‍ ആഘോഷിക്കാറുണ്ട് എന്നത് മറ്റൊരു കാര്യം. ദി കേരള സ്റ്റോറി, സബര്‍മതി എക്‌സ്പ്രസ് തുടങ്ങിയ ചിത്രങ്ങള്‍ പാര്‍ലമെന്റിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

എമ്പുരാന്‍ വിഷയത്തില്‍ പ്രതികരണമറിയിക്കാന്‍ ബിജെപി നേതാക്കളാരും തന്നെ തയ്യാറായിട്ടില്ല. സംസ്ഥാന അധ്യക്ഷനുമായി കൂടിയാലോചിക്കാതെ പ്രതികരിക്കാന്‍ കഴിയില്ലെന്നാണ് അഴിമുഖത്തോട് ബിജെപി നേതാക്കള്‍ അറിയിച്ചത്.

കേരളത്തില്‍ ജനഗണമന എന്ന പൃഥ്വിരാജ് സിനിമക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ പ്രചരണം നടത്തിയിരുന്നു. ഇന്നിപ്പോള്‍ കോണ്‍ഗ്രസിലുള്ള പഴയ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലായിരുന്നു പ്രചരണം. പക്ഷേ സിനിമ വന്‍ വിജയമായി തീര്‍ന്നു. കഥാകൃത്ത് എസ്.ഹരീഷിന്റെ ‘മീശ’ എന്ന ആദ്യ നോവല്‍ പ്രസിദ്ധീകരണ സമയത്ത് സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്നുണ്ടായ ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് പിന്‍വലിച്ചു. അതേ തുടര്‍ന്ന് ഡി.സി.ബുക്സിലൂടെ പുറത്തിറങ്ങിയ നോവലിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. നാളുകള്‍ക്കുള്ളില്‍ പല എഡീഷനുകള്‍ പുറത്തിറങ്ങിയ ‘മീശ’മലയാളത്തിലിപ്പോള്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട പ്രധാന നോവലുകളിലൊന്നാണ്. തമിഴ് നോവലിസ്റ്റായ പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ നോവലിനെതിരെ ഒരു കൂട്ടം ഹൈന്ദവ സമൂഹം നടത്തിയ പ്രചരണത്തിനൊടുവില്‍ അദ്ദേഹം എഴുത്ത് നിറുത്തിയതായി പ്രഖ്യാപിച്ചു. എന്നാല്‍ പൊതുസമൂഹത്തിന്റെ നിര്‍ലോഭമായ പിന്തുണയോടെ വീണ്ടും എഴുത്തിലേയ്ക്ക് തിരിച്ച് വന്ന അദ്ദേഹത്തിന്റെ ഫയര്‍ ബേഡ് എന്ന കൃതിക്ക് ജെ.സി.ബി പുരസ്‌കാരം ലഭിച്ചു.

ഷാരൂഖ് ഖാന്റെ ‘പത്താന്‍’ എന്ന സിനിമയിലെ ഗാനരംഗത്ത് ദീപിക പദുക്കോണിന്റെ വസ്ത്രത്തിന് കാവി നിറമാണെന്ന് ആരോപിച്ച് സംഘപരിവാര്‍ വൃത്തങ്ങള്‍ നടത്തിയ സൈബര്‍ ആക്രമണവും തീയേറ്ററുകള്‍ക്ക് നേരെ നടന്ന പ്രതിഷേധങ്ങളും ഈയടുത്ത കാലത്ത് സംഭവിച്ച സമാനമായ കാര്യമാണ്. കോവിഡ് കാലത്തിന് ശേഷം ബോളിവുഡിലുണ്ടായ ഏറ്റവും വലിയ ഹിറ്റായി പത്താന്‍ മാറിയതും ചരിത്രം. വിജയുടെ മെര്‍സല്‍ എന്ന ചിത്രത്തില്‍ ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളെ വിമര്‍ശിക്കുന്ന സംഭാഷണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി രംഗത്തെത്തിയിരുന്നു. വിവാദത്തിനിടയിലും മെര്‍സല്‍ ബോക്‌സ്ഓഫീസില്‍ വിജയമായിരുന്നു. സമാനമായ വിധിയാണോ എമ്പുരാനെ കാത്തിരിക്കുന്നത് എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: