LocalNEWS

ദുർമന്ത്രവാദത്തിനു പണം കണ്ടെത്താൻ മകളുടെയും മരുമകളുടെയും 24 പവൻ സ്വർണം കവർന്നു: ഇടുക്കിയിൽ വീട്ടമ്മ അറസ്റ്റിൽ

   ഇടുക്കി ജില്ലയിലെ തങ്കമണി അച്ചൻകാനത്ത് ഞെട്ടിക്കുന്ന സംഭവം. സ്വന്തം മകളുടെയും മരുമകളുടെയും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ അമ്മ അറസ്റ്റിൽ. വീട്ടമ്മയായബിൻസി ജോസ് (53) ആണ്  മോഷണക്കുറ്റത്തിന് പിടിയിലായത്. ബിൻസിയുടെ മകനും മകളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

പലപ്പോഴായി 24 പവൻ സ്വർണം  കവർന്നു എന്നാണ് പരാതി. മക്കളെ അറിയിക്കാതെ അവരുടെ സ്വർണം എടുത്ത് പണയം വെച്ച് ബിൻസി പണം സ്വന്തമാക്കുകയായിരുന്നു. മരുമകൾ സ്വർണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. സ്വർണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബിൻസി അവ്യക്തമായ മറുപടി നൽകിയതോടെയാണ് സംശയം ബലപ്പെട്ടതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും.

Signature-ad

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ബിൻസി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായിരുന്നു കോടതി നിർദേശം. ഇതിനിടെ ബിൻസിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് മൂവാറ്റുപുഴ സ്വദേശി അംബികയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒടുവിൽ ബിൻസിയെ വണ്ടിപ്പെരിയാർ ഭാഗത്ത് നിന്ന്  പൊലീസ് പിടികൂടി.

കുടുംബത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ് താൻ സ്വർണം പണയം വെച്ചതെന്നാണ് ബിൻസി പൊലീസിനോട് പറഞ്ഞത്. എന്നാൽ വീട്ടിൽ അങ്ങനെയൊരു സാമ്പത്തിക ആവശ്യമില്ലെന്നാണ് മകനും മകളും പറയുന്നത്. ബിൻസി വണ്ടിപ്പെരിയാറിൽ പോയത് ആഭിചാര ക്രിയകൾ നടത്തുന്ന മന്ത്രവാദിയെ കാണാനാണെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. മോഷണം നടത്തിയ പണം ബിൻസി ആഭിചാര കർമ്മങ്ങൾക്ക് ഉപയോഗിച്ചതായും അവർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: