LIFELife Style

തയ്ച്ച് കിട്ടുന്ന പണം മിച്ചംപിടിച്ചു, തയ്യാറെടുപ്പിന് യുട്യൂബ് ടിപ്സ്; ഇത് വാസന്തിയുടെ വൈറല്‍ യാത്ര

‘സമ്പാദിക്കുക, പറ്റുന്നത്ര യാത്ര ചെയ്യുക..ലോകം കാണുക’ 59-ാം വയസ്സില്‍ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ കണ്ണൂരിലെ വാസന്തിക്ക് പറയാനുള്ളത് അതുമാത്രമാണ്. പ്രായമോ, ആരോഗ്യ അവശതകളോ, പണമോ ഒന്നും വാസന്തി ചെറുവീട്ടിലിന്റെ സ്വപ്നങ്ങള്‍ക്ക് വിഘാതമായില്ല. തയ്യല്‍ ജോലി ചെയ്യുന്ന വാസന്തി വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ചു സ്വരുക്കൂട്ടിയാണ് എവറസ്റ്റിലേക്ക് യാത്ര പുറപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരി 23നാണ് വാസന്തി എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് നടന്നുകയറിയത്. എട്ടുദിവസം നീണ്ട ട്രക്കിങ്ങിനൊടുവില്‍ ഉച്ചയോടെ ബേസ് ക്യാമ്പിലെത്തി. ‘വലിയ കല്ലും പാറയും എങ്ങനെയാണ് ഏന്തിവലിഞ്ഞ് കയറിയതെന്ന് അറിയില്ല. ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ബോധമുള്ളതിനാല്‍ തിടുക്കം കാണിച്ചില്ല. പതുക്കെ പതുക്കെ കയറുകയായിരുന്നു’-വാസന്തി ഓര്‍ക്കുന്നു. യൂട്യൂബില്‍ വീഡിയോകളുടെ സഹായത്തോടെയാണ് ട്രക്കിങ്ങിനായി തയ്യാറെടുത്തത്.

Signature-ad

ദിവസവും മൂന്നു മണിക്കൂറോളം നടത്തം പതിവാക്കിയിരുന്നു. ട്രക്കിങ് ബൂട്ടുകള്‍ ഇട്ടുകൊണ്ടായിരുന്നു യാത്ര. വൈകുന്നേരങ്ങളില്‍ 5-6 കിലോമീറ്ററുകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടക്കും. അത്യാവശ്യം ഹിന്ദിയും പഠിച്ചു. പക്ഷെ യാത്ര അത്ര എളുപ്പമായിരുന്നു. കാലാവസ്ഥ ചതിച്ചെന്നും പറയാം മോശം കാലാവസ്ഥയില്‍ ഫ്ളൈറ്റ് റദ്ദാക്കി. നേപ്പാളില്‍ വച്ചു പരിചയപ്പെട്ട ജര്‍മന്‍ ദമ്പതികളുടെ സഹായത്തോടെ സുര്‍ക്കെയിലെത്തിയാണ് ട്രക്കിങ് ആരംഭിച്ചത്. ട്രക്കിങ്ങിനിടയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ അവള്‍ പരിചയപ്പെട്ടു. തിരുവനന്തപുരം സ്വദേശികളെ ഉള്‍പ്പെടെ.

ബേസ് ക്യാമ്പില്‍ കേരളത്തിന്റെ തനതുവസ്ത്രമെന്ന് ഖ്യാതി നേടിയ സെറ്റുമുണ്ട് ഉടുത്ത് ഇന്ത്യന്‍ പതാകയും ഉയര്‍ത്തി നില്‍ക്കുന്ന വാസന്തിയുടെ ചിത്രം അതിവേഗമാണ് വൈറലായത്.കെഎസ്ആര്‍ടിസി ബസില്‍ മൂന്നാറിലേക്ക് നടത്തിയ യാത്രയോടെയാണ് യാത്രാപ്രേമം വാസന്തിയില്‍ ഉടലെടുക്കുന്നത്. തുടര്‍ന്ന് തായ്ലന്‍ഡിലേക്കും തനിച്ചൊരു യാത്ര നടത്തി. എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ വാസന്തിയുടെ അടുത്ത ലക്ഷ്യം ചൈന വന്‍മതിലാണ്. ‘വീട്ടില്‍ അടച്ചിരിക്കുമ്പോഴാണ് ഭയം പിടികൂടുക, പുറത്ത് നമ്മെ കാത്തിരിക്കുന്നത് വിശാലമായ ലോകമാണ്..’വാസന്തി പറയുന്നു. ദേശീയ മാധ്യമങ്ങളിലടക്കം താരമാണ് വാസന്തി.

 

 

Back to top button
error: