
ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ. ഇറാന്റെ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളോട് മാപ്പുചോദിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രഖ്യാപനം. എന്നാൽ
ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കിൽ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ പ്രഖ്യാപിച്ചത്. ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ ഇറാൻ കീഴടങ്ങില്ലെന്നും പെസഷ്കിയാൻ പറഞ്ഞു.
യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ഇറാൻ ലക്ഷ്യംവെച്ചത്. ഇത് മേഖലയിൽ കടുത്ത സംഘർഷാവസ്ഥയും അനിശ്ചിതത്വവും പടരാൻ ഇടയാക്കിയിരുന്നു.
സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളെയാണ് ഇറാൻ ആക്രമിച്ചത്. ഹോർമൂസ് കടലിടുക്ക് അടക്കുകയും ചെയ്തിരുന്നു. ഒമാൻ തുറമുഖങ്ങൾക്കും ഇന്ധന ടാങ്കറുകൾക്കും നേരെയും ഇറാൻ ആക്രമണം അഴിച്ചുവിട്ടിരുന്നു.






