
തിരുവനന്തപുരം: കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽഗാന്ധി. പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യവേയാണ് രാഹുലിന്റെ പുതു പ്രഖ്യാപനങ്ങൾ. കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ, ക്ഷേമപെൻഷൻ മാസം 3000രൂപയാക്കും, ഒരു കുടുംബത്തിന് 25 ലക്ഷംവരെയുള്ള ആരോഗ്യ ഇൻഷുറൻസ്, ചെറുപ്പക്കാർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 5 ലക്ഷംരൂപവരെ പലിശരഹിത വായ്പ, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് ആരംഭിക്കും എന്നിവയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച വാഗാദാനങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി കടുത്ത ആരോപണങ്ങളുയർത്തി. യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരിൽനിന്നു മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി. ജനങ്ങളുടെ ഡേറ്റ ഇന്ത്യൻ സർക്കാർ യുഎസിന് അടിയറവുവച്ചു. എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വരാനുണ്ട്. ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറിൽ പ്രധാനമന്ത്രി ഒപ്പിട്ടത്. ട്രംപാണ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത്. അതുപോലെയാണ് പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
‘‘ എന്നെ 55 മണിക്കൂർ ഇ.ഡി ചോദ്യം ചെയ്തു. എന്നാൽ, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഇ.ഡി ഒരു നടപടിയും സ്വീകരിച്ചില്ല. കാരണം വ്യക്തമാണ്, അവർ ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. സിപിഎം–ബിജെപി എന്നല്ല, കേരളത്തിൽ ‘സിജെപി’ എന്നാണ്. അവർ ഒറ്റക്കെട്ടാണെന്ന് എല്ലാപേർക്കും അറിയാം’’– രാഹുൽ പറഞ്ഞു.






