LIFELife Style

13 ാം വയസില്‍ കല്യാണം, അച്ഛന്‍ തട്ടിക്കൊണ്ടു പോയെന്നും പരാതി; രണ്ടാമത് കെട്ടിയത് മുഖ്യമന്ത്രിയെ! ഇത് രാധികയുടെ കഥ

സിനിമയുടെ ഓഫ് സ്‌ക്രീന്‍ ജീവിതം പലപ്പോഴും ഓണ്‍ സ്‌ക്രീനേക്കാളും നാടകീയവും സംഭവബഹുലവുമായിരിക്കും. വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയിലേക്ക് കുതിച്ചുയരുന്നതു പോലെ തന്നെ ഒരു നിമിഷം കൊണ്ട് പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണു പോവുകയും ചെയ്യാം. അനശ്ചിതത്വങ്ങളുടെ ഇടമാണ് സിനിമ. പലപ്പോഴും സിനിമയെ വെല്ലുന്ന ജീവിതങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. അത്തരത്തിലൊന്നാണ് രാധിക കുമാരസ്വാമിയുടേത്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തി രാധിക. 2002 ല്‍ പുറത്തിറങ്ങിയ നിനഗാഗി എന്ന ചിത്രത്തില്‍ വിജയ് രാഘവേന്ദ്രയുടെ നായികയായിട്ടാണ് അരങ്ങേറ്റം. ചിത്രം വലിയ വിജയം കൈവരിച്ചു. ഇതോടെ കന്നഡ സിനിമയിലെ പുത്തന്‍ താരോദയമായി മാറി രാധിക. കന്നഡ സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു നിനഗാഗി. പിന്നീട് കരിയര്‍ കുതിച്ചുയരുകയായിരുന്നു രാധിക.

Signature-ad

കന്നഡയ്ക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം രാധിക അഭിനയിച്ച് കയ്യടി നേടി. മിക്ക സിനിമകളും ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയവയാണ്. ‘കുട്ടി രാധിക’ എന്നാണ് രാധികയെ ആരാധകര്‍ വിളിച്ചിരുന്നത്. കരിയറില്‍ വലിയ വിജയങ്ങള്‍ നേരിടുമ്പോഴും രാധികയുടെ വ്യക്തി ജീവിതവും ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെ കയറ്റിറക്കങ്ങളുടേതായിരുന്നു. രാധികയ്ക്ക് പതിമൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അവര്‍ വിവാഹിതയാകുന്നത്. ബിസിനസുകാരന്‍ രതന്‍ കുമാറിനെയാണ് രാധിക വിവാഹം കഴിച്ചത്.

2000 ലാണ് രാധികയുടെ ആദ്യ വിവാഹം നടക്കുന്നത്. എന്നാല്‍, രാധികയുടെ അച്ഛന്‍ ഈ വിവാഹത്തിന് എതിരായിരുന്നു. വിവാഹ വാര്‍ത്ത പുറത്ത് വന്നാല്‍ രാധികയുടെ കരിയര്‍ നശിക്കുമെന്ന ഭയമായിരുന്നു അച്ഛന്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് പിന്നാലെ രാധികയുടെ അച്ഛനെതിരെ രതന്‍ പരാതിയുമായെത്തി. രാധികയെ അച്ഛന്‍ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു പരാതി. തൊട്ടു പിന്നാലെ രാധികയുടേയും രതന്റേയും വിവാഹം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് രാധികയുടെ അമ്മ കോടതിയെ സമീപിച്ചു. 13 വയസ് മാത്രം പ്രായമുള്ള രാധികയെ രതന്‍ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചതാണെന്നാണ് അമ്മ പരാതിപ്പെട്ടത്.

ഈ വിവാദങ്ങള്‍ക്കിടെ 2002 ലാണ് രതന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2010 ല്‍ രാധിക വലിയൊരു വെളിപ്പെടുത്തല്‍ നടത്തി. താന്‍ എച്ച്.ഡി കുമാരസ്വാമിയെ വിവാഹം കഴിച്ചെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. തങ്ങളുടെ വിവാഹം നടന്നത് 2007 ലാണെന്നാണ് രാധിക പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമാണ് കുമാരസ്വാമി. നിലവില്‍ കേന്ദ്രമന്ത്രിയുമാണ് അദ്ദേഹം. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. എന്നാല്‍ 2015 ല്‍ ഈ ബന്ധം അവസാനിക്കുകയും ഇരുവരും പിരിയുകയും ചെയ്തു.

രണ്ടാമത്തെ വിവാഹ ബന്ധവും തകര്‍ന്നതോടെ രാധിക അഭിനയത്തില്‍നിന്നു പിന്മാറാന്‍ തീരുമാനിച്ചു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാധിക വീണ്ടും അഭിനയത്തിലേക്ക് തിരികെ വരുന്നത്. ഇന്ന് സ്വന്തമായി നിര്‍മ്മാണ കമ്പനിയുമുണ്ട് രാധികയ്ക്ക്. തന്റെ മകള്‍ ഷമികയുടെ പേരിലാണ് രാധിക കമ്പനി ആരംഭിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാധികയുടെ സ്വത്ത് 124 കോടി വിലമതിക്കുന്നതാണ്.

ഇപ്പോഴും അഭിനയത്തില്‍ സജീവമാണ് രാധിക. പോയ വര്‍ഷം പുറത്തിറങ്ങിയ ഭൈരദേവിയാണ് രാധികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രാധിക തന്നെയായിരുന്നു സിനിമയുടെ നിര്‍മ്മാണവും. അജഗ്രതയാണ് രാധികയുടെ അണിയറയിലുള്ള സിനിമ. കെജിഫ് താരം യഷ് നായകനായ ലക്കി എന്ന ചിത്രത്തിന്റെ നിര്‍മാണവും രാധികയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: