KeralaNEWS

മലപ്പുറത്തെ മറിമായം: 117 പവൻ സ്വർണം ‘കവർന്ന’ സംഭവം പരാതിക്കാരൻ ആസൂത്രണം ചെയ്ത നാടകം, ഒടുവിൽ നിർണായകമായത് ഒരു ഫോട്ടോ

    മലപ്പുറത്തെ  കാട്ടുങ്ങലിൽ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് 70 ലക്ഷം രൂപ വിലമതിക്കുന്ന 117 പവൻ സ്വർണം ‘കവർന്ന’ സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. കവർച്ച ആസൂത്രണം ചെയ്തത് മറ്റാരുമല്ല, സ്വർണം നഷ്ടപ്പെട്ടെന്ന് പരാതി നൽകിയ ജ്വല്ലറി ജീവനക്കാരൻ തന്നെയെന്ന് പൊലീസ് കണ്ടെത്തി. ജീവനക്കാരനായ തിരൂർക്കാട് കടവത്തുപറമ്പ് ശിവേഷ് (34), ഇയാളുടെ സഹോദരൻ ബെൻസു (39) എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്തു. ശിവേഷിന്റെ പദ്ധതിപ്രകാരം ബെന്‍സും മറ്റൊരു സുഹൃത്തുമാണ് ബൈക്കിലെത്തി സ്വര്‍ണം കവര്‍ന്നത്. നഷ്ടപ്പെട്ട സ്വര്‍ണം പ്രതികളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു.

‘നിഖില ബാങ്കിൾസ്’ എന്ന സ്വർണാഭരണനിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരായ ശിവേഷും സുകുമാരന്‍ എന്നയാളും ശനിയാഴ്ച വൈകിട്ട് 6.30ന് സ്വര്‍ണവുമായി സ്കൂട്ടറില്‍ പോകുമ്പോഴാണ് കവര്‍ച്ച നടത്തിയത്.  മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ഈ കവര്‍ച്ച നടത്തിയത്. പ്രതികള്‍ക്ക് സ്വര്‍ണാഭരണം തട്ടിയെടുക്കാനായി വെള്ളം കുടിക്കാനെന്ന് പറഞ്ഞ് ശിവേഷ് സ്കൂട്ടര്‍ നിര്‍ത്തി. ഈ സമയത്താണ് ബൈക്കിലെത്തിയ പ്രതികള്‍ കവര്‍ച്ച നടത്തിയത്. സ്‌കൂട്ടർ ചവിട്ടി വീഴ്‌ത്തി സ്വർണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

Signature-ad

സംഭവത്തിന് ദൃക്സാക്ഷിയായ ഇരുമ്പുഴി സ്വദേശി എം കെ മുഹമ്മദ് മുന്‍ഷിര്‍ പ്രതികളുടെ ബൈക്കിന്റെ ഫോട്ടോ എടുത്തത് കേസന്വേഷത്തില്‍ നിർണായക തെളിവായി. മലപ്പുറത്തെ കടയിൽ ജോലി ചെയ്യുന്ന മുൻഷിർ നോമ്പുതുറയിൽ പങ്കെടുക്കാൻ  പോകുമ്പോളാണ് ഈ സംഭവം ശ്രദ്ധയിൽപ്പെട്ടത്. സ്കൂട്ടർ നിർത്തിയിട്ടിരിക്കുന്നതും പെട്ടെന്ന് ബൈക്കിലെത്തിയവർ ബാഗ് തട്ടിയെടുത്ത് വേഗത്തിൽ പോകുന്നതും കണ്ടപ്പോൾ മുൻഷിറിന് സംശയം തോന്നി. ഉടൻതന്നെ ബൈക്കിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി പൊലീസിനെ അറിയിച്ചു. വണ്ടി നമ്പര്‍ മനസ്സിലാക്കിയ മഞ്ചേരി പൊലീസ് സിസിടിവി ​ദൃശ്യങ്ങളിലൂടെ
മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി. മലപ്പുറം ജില്ലാ പൊലീസ് മേധാവി മുൻഷിറിനെ പ്രത്യേകം അഭിനന്ദിച്ചു.

ശിവേഷ് ആണ് ഈ കേസിലെ മുഖ്യ സൂത്രധാരൻ. ഇയാളുടെ സഹോദരൻ ബെൻസു, സുഹൃത്ത് വലമ്പൂർ സ്വദേശി ഷിജു എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ആദ്യഘട്ടം മുതൽ തന്നെ ശിവേഷിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ഇതിനുപുറമെ ഇയാൾക്ക് മുൻപും ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നത് പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ശിവേഷിന്റെ കള്ളക്കളി പുറത്തുവരികയായിരുന്നു.

ശിവേഷ് മൂന്നുമാസങ്ങൾക്ക് മുൻപാണ് നിഖില ബാംഗിൾസിൽ ജോലിക്ക് പ്രവേശിച്ചത്. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഇയാൾ ഈ കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു.  മഞ്ചേരിയിൽ നിന്ന് സ്വർണവുമായി തിരിക്കുന്ന വിവരം ശിവേഷ് തൻ്റെ സഹോദരൻ ബെൻസുവിനെ മുൻകൂട്ടി അറിയിച്ചിരുന്നു.

ബെൻസുവിനും സുഹൃത്ത് ഷിജുവിനും കൃത്യസ്ഥലത്ത് എത്താൻ സൗകര്യമൊരുക്കാൻ  ശിവേഷ് യാത്രാമധ്യേ പലയിടത്തും സ്കൂട്ടർ നിർത്തി സമയം വൈകിപ്പിച്ചു. കവർച്ച നടത്താനുള്ള സ്ഥലവും സമയവും പോലും നിശ്ചയിച്ചത് ശിവേഷ് തന്നെയായിരുന്നു. ഈ കേസിൽ ശിവേഷിൻ്റെ കൂടെയുണ്ടായിരുന്ന സുകുമാരന് യാതൊരു പങ്കുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, മുഖ്യ പ്രതിയായ ശിവേഷ് ഇതിനു മുൻപും വധശ്രമം, പോക്സോ തുടങ്ങിയ 4 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അറസ്റ്റിലായ ബെൻസുവും അടിപിടി കേസിൽ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: