
കൊച്ചി: റോബിന്‍ ബസ് വിവാദം കത്തിനില്‍ക്കുന്നതിനിടെ, ദീര്‍ഘദൂര സര്‍വീസ് രംഗത്ത് പ്രവേശിച്ച് കൂടുതല്‍ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിന്റെ ബലത്തില്‍ ആഡംബര ബസുകള്‍ ഉപയോഗിച്ച് ഇന്റര്‍സിറ്റി, ഇന്റര്‍സ്റ്റേറ്റ് സര്‍വീസുകളാണ് നടത്തുന്നത്. അവധിക്കാലം അടുത്തുവരുന്ന സാഹചര്യത്തില്‍, യാത്രക്കാര്‍ക്ക് എളുപ്പവും സുഖകരവുമായ യാത്ര വാഗ്ദാനം ചെയ്താണ് സര്‍വീസ്.
കൊച്ചി-കോഴിക്കോട് മേഖലയില്‍ കൊടുങ്ങല്ലൂര്‍, പൊന്നാനി, കുറ്റിപ്പുറം വഴി സര്‍വീസ് ആരംഭിച്ച ഡീര്‍ ബസാണ് അടുത്തകാലത്ത് കടന്നുവന്ന ആദ്യ സ്വകാര്യ ഓപ്പറേറ്റര്‍. മാര്‍ച്ച് 5 മുതലാണ് ഇവര്‍ ഈ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്.

പുഷ്-ബാക്ക് സീറ്റുകളുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത രണ്ടു ടാറ്റ മാര്‍ക്കോപോളോ ബസുകളാണ് സര്‍വീസിനായി വിന്യസിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് യഥാക്രമം രാവിലെ അഞ്ചിനും വൈകുന്നേരം ആറിനും ബസുകള്‍ പുറപ്പെടും. കോഴിക്കോട് നിന്ന് രാവിലെ അഞ്ചിനും വൈകുന്നേരം ആറിനും മടക്ക സര്‍വീസുകള്‍ നടത്തും. ‘ഞങ്ങള്‍ അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. ബുക്കിങ് ഓണ്‍ലൈനിലൂടെ മാത്രമേ ചെയ്യാന്‍ കഴിയൂ (www.deerbus.in). നോണ്‍ സ്റ്റോപ്പ് ആയാണ് സര്‍വീസ് നടത്തുന്നത്.’ -ഡീര്‍ ബസ് മാനേജിങ് ഡയറക്ടര്‍ പ്രസാദ് കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്രപ്രസിനോട് പറഞ്ഞു.
വെബ്‌സൈറ്റിലെ ചില തകരാറുകള്‍ കാരണം നിലവില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തിരിച്ചെത്തും. പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ബസുകള്‍ വിന്യസിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്.ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് അടച്ച് രാജ്യത്തുടനീളം ടൂറിസ്റ്റ് വാഹനങ്ങള്‍ ഓടിക്കാന്‍ അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ഒരു ഓപ്പറേറ്ററെ അനുവദിക്കുന്നുണ്ട്. സുഖകരമായ യാത്രാ ഓപ്ഷന്‍ ഞങ്ങള്‍ നല്‍കുന്നു. ബസുകളില്‍ സ്ലൈഡിംഗ് ഗ്ലാസുകളല്ല, ഫിക്സഡ് ഗ്ലാസ് എസി ആണ് ക്രമീകരിച്ചിരിക്കുന്നത്.’- പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഒരു സ്റ്റേജ്-കാരിയേജ് ഓപ്പറേറ്റര്‍ പെര്‍മിറ്റ് ഫീസായി മൂന്ന് മാസം കൂടുമ്പോള്‍ 27,000 രൂപയും കോണ്‍ട്രാക്ട്-കാരിയേജ് 35,000 രൂപയുമാണ് നല്‍കേണ്ടത്. അതേസമയം ഒരു അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ഓപ്പറേറ്റര്‍ പെര്‍മിറ്റ് ഫീസായി മൂന്ന് മാസം കൂടുമ്പോള്‍ 1.7 ലക്ഷം രൂപ നല്‍കണം.
സ്റ്റേജ് കാരിയേജിന് ഉദാഹരണമാണ് കെഎസ്ആര്‍ടിസി. നിരക്കുകള്‍ സംസ്ഥാന സര്‍ക്കാരാണ് നിശ്ചയിക്കുന്നത്. എന്നാല്‍ മുന്‍കൂട്ടി സമ്മതിച്ച നിരക്കില്‍ ഒരു പോയിന്റില്‍ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുന്നതാണ് കോണ്‍ട്രാക്ട് കാരിയേജ്.
സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് കടുത്ത മത്സരം നേരിടുന്ന കെഎസ്ആര്‍ടിസി, നിയമങ്ങള്‍ ലംഘിച്ചാണ് ഡീര്‍ ബസ് സര്‍വീസ് നടത്തുന്നതെന്ന് ആരോപിച്ച് പരാതി നല്‍കിയിട്ടുണ്ട്. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ച് ഒരു സ്റ്റേറ്റ് കാരിയര്‍ ആയാണ് ഓപ്പറേറ്റര്‍ സര്‍വീസ് നടത്തുന്നതെന്ന് കാണിച്ച് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കെഎസ്ആര്‍ടിസിയുടെ എറണാകുളം യൂണിറ്റ് ഓഫീസര്‍ പരാതി നല്‍കിയതായാണ് ബന്ധപ്പെട്ട വ്യത്തങ്ങള്‍ പറയുന്നത്.
അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത് പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ ‘റോബിന്‍ ബസിന്’ മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ പിഴ ചുമത്തിയിരുന്നു. വഴിയില്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനാല്‍ ഒരു സ്റ്റേജ് കാരിയറായി ഓപ്പറേറ്റര്‍ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം.
അതേസമയം അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ച് കൂടുതല്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് സുഖകരമായ സര്‍വീസുകള്‍ നടത്താന്‍ അനുവദിക്കണമെന്ന് നിരവധി കോണുകളില്‍ നിന്ന് ആവശ്യമുണ്ട്. ‘ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, കേരളത്തിന് 35,000 മുതല്‍ 50,000 വരെ പൊതുഗതാഗത ബസുകള്‍ ആവശ്യമാണ്. (1,000 ജനസംഖ്യയ്ക്ക് 1.33 ബസുകള്‍ എന്ന തോതില്‍),’- ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് വാച്ചിലെ എബനേസര്‍ ചുള്ളിക്കാട് പറഞ്ഞു.
‘നിലവില്‍ കേരളത്തില്‍ 12,000 ബസുകള്‍ മാത്രമേയുള്ളൂ. (സ്വകാര്യ മേഖലയില്‍ 7,000, കെഎസ്ആര്‍ടിസിയില്‍ 5,000) കെഎസ്ആര്‍ടിസി ഈ വിടവ് നികത്തുന്നതില്‍ പരാജയപ്പെടുന്നതിനാല്‍, നല്ല സാങ്കേതികവിദ്യയുള്ള അന്താരാഷ്ട്ര കമ്പനികള്‍ക്ക് അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ അധികാരികള്‍ അനുവദിക്കണം. ഇത് റോഡില്‍ കാറുകള്‍ ഉള്‍പ്പെടെ മറ്റു സ്വകാര്യ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കും. ഇപ്പോള്‍ NH-66 വീതികൂട്ടല്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് സാധ്യതയുണ്ട്,’- എബനേസര്‍ പറഞ്ഞു.