വീട്ടിലെ എസിക്ക് കൂടുതല്‍ കറന്റ് ആകില്ല; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ബില്ല് കുറയ്ക്കാം

ചൂടിനൊപ്പം എ.സി വിപണിയും ഉണര്‍ന്നു. കഴിഞ്ഞ വര്‍ഷം 1.5 ലക്ഷം എ.സിയാണ് മാര്‍ച്ചിനും മേയ്ക്കുമിടയില്‍ വിറ്റുപോയത്. ഇത്തവണ അതിലും കൂടിയേക്കുമെന്നാണ് കടകളിലെ തിരക്കുവച്ച് വ്യാപാരികള്‍ പറയുന്നത്. എ.സി വയ്ക്കുമ്പോള്‍ വൈദ്യുതിച്ചെലവാണ് പ്രധാന വില്ലന്‍. കേരളത്തില്‍ വിറ്റുപോകുന്നതില്‍ 80 ശതമാനവും ത്രീസ്റ്റാര്‍ റേറ്റിംഗുള്ള ഒരു ടണ്ണിന്റെ എ.സിയാണ്. വിലക്കുറവാണ് ത്രീ സ്റ്റാറിന്റെ ആകര്‍ഷണം. 24000 രൂപയാണ് ശരാശരി വില. പക്ഷേ, വൈദ്യുതി കൂടുതല്‍ ചെലവാകുമെന്നോര്‍ക്കണം. വേനല്‍ മാസങ്ങളില്‍ ഇത്തവണ രാത്രികാല വൈദ്യുതി ഉപഭോഗത്തിന് 25 ശതമാനം അധിക നിരക്കുമുണ്ട്.
ഒരു ടണ്‍ എ.സി 12 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറ് യൂണിറ്റ് വൈദ്യുതി ചെലവാകും. ഒരുമാസം 180 യൂണിറ്റ് അധികം. ഒരു കുടുംബത്തിന്റെ ഒരു മാസത്തെ ശരാശരി ഉപഭോഗം 250 യൂണിറ്റാണ്. അപ്പോള്‍, ദ്വൈമാസ ബില്ലില്‍ എ.സിവഴിയുണ്ടാകുന്ന വര്‍ദ്ധന ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ ഷോക്ക് കുറയ്ക്കാന്‍ കെ.എസ്.ഇ.ബി ചില പൊടിക്കൈകള്‍ നിര്‍ദ്ദേശിക്കുന്നു.
രാത്രി ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് എ.സി ഓണ്‍ ആക്കി ഫാനും ഇടണം. വാതിലും ജനലും നന്നായി അടച്ച് വേണം എ.സി ഓണാക്കേണ്ടത്. ഇതിലൂടെ എ.സി രാത്രി മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കാം. പുറംചുമരുകളിലും ടെറസ്സിലും വെള്ള പെയിന്റടിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ് നിര്‍മ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങള്‍ നടുന്നതും അകത്തെചൂട് കുറയ്ക്കും. 24 ഡിഗ്രി സെറ്റുചെയ്യൂ വൈദ്യുതി 5% ലാഭിക്കൂ.
എ.സി മൂലം ഉണ്ടാകുന്ന ഉയര്‍ന്ന വൈദ്യുതി ബില്ല് കുറയ്ക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
- മുറിയുടെ വലിപ്പം അനുസരിച്ച് അനുയോജ്യമായ എ.സി വാങ്ങുക. 5സ്റ്റാര്‍ ആണ് ഏറ്റവും കാര്യക്ഷമം
- എ.സി വച്ച മുറിയിലെ വെന്റിലേഷന്‍ ഉള്‍പ്പെടെ അടച്ച് പുറത്തെ വായു കടക്കുന്നില്ലെന്ന് ഉറപ്പാക്കണം
- ഫിലമെന്റ് ബള്‍ബ് പോലെ ചൂട് പുറപ്പെടുവിക്കുന്ന വൈദ്യുതി ഉപകരണങ്ങള്‍ മുറിയില്‍ ഒഴിവാക്കണം
- എ.സി ടെംപറേച്ചര്‍ സെറ്റിംഗ് 24- 25 ഡിഗ്രിയാണുത്തമം. ഇതിലൂടെ 5% വൈദ്യുതി ഉപയോഗം കുറയും
- എ.സി ഫില്‍ട്ടര്‍ എല്ലാ മാസവും വൃത്തിയാക്കുക. കണ്ടെന്‍സറിന് ചുറ്റും ആവശ്യത്തിന് വായുസഞ്ചാരം വേണം
- കണ്ടെന്‍സര്‍ യൂണിറ്റ് തെക്ക്- പടിഞ്ഞാറ് ഭാഗത്ത് ഘടിപ്പിക്കരുത്. കൂടുതല്‍ വെയില്‍ ഈ ഭാഗത്താണ്






