KeralaNEWS

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍; ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പിസിഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893). തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്ന കേന്ദ്രം. 2,017 പേര്‍ ഇവിടെ പരീക്ഷയെഴുതും. തിരുവനന്തപുരത്തെ ഫോര്‍ട്ട് ഗവ.സംസ്‌കൃതം എച്ച്എസിലാണ് ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്നത്. ഇവിടെ ഒരു കുട്ടി മാത്രമേയുള്ളൂ.

Signature-ad

ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. എഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണുള്ളത്, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി. ഇവിടെ 65 കുട്ടികള്‍ പരീക്ഷ എഴുതും. എസ്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 കുട്ടികളും ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രത്തില്‍ 12 കുട്ടികളും പരീക്ഷയെഴുതും.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നു മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രില്‍ 3ന് ആരംഭിച്ച് ഏപ്രില്‍ 11ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രില്‍ 21ന് തുടങ്ങി 26ന് അവസാനിക്കും. മൂല്യനിര്‍ണയ ക്യാംപുകളിലേക്കുള്ള അഡിഷനല്‍ ചീഫ് എക്‌സാമിനര്‍മാരുടെയും അസിസ്റ്റന്റ് എക്‌സാമിനര്‍മാരുടെയും നിയമന ഉത്തരവുകള്‍ മാര്‍ച്ച് 10 മുതല്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാംപുകള്‍ മാര്‍ച്ച് മൂന്നാംവാരത്തില്‍ ആരംഭിക്കും.

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 29 വരെയാണ് നടക്കുക. ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയോടൊപ്പം ഒരേ ടൈംടേബിളില്‍ 2024ല്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകളുമുണ്ടാകും. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 3 മുതല്‍ 26 വരെയും നടക്കും. ഉച്ചയ്ക്കുശേഷമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വിജയാശംസകള്‍ നേര്‍ന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു.

Back to top button
error: