
കണ്ണൂര്‍: മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പവിത്രന്‍ (67) മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാര്‍ ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു.
ഗുരുതരമായ ശ്വാസകോശരോഗത്തെ തുടര്‍ന്ന് മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പവിത്രന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ പവിത്രനുമായി നാട്ടിലെത്തിയത്. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഏര്‍പ്പാടും നടത്തിയിരുന്നു. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് പ്രകാരം പിറ്റേന്ന് സംസ്‌കാരം നടത്തുന്നതിനായി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

മോര്‍ച്ചറിയില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ പവിത്രനില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് തിരികെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് ഇന്ന് മരണം സംഭവിച്ചത്.
എകെജി ആശുപത്രിയിലെ ഡോക്ടര്‍ പൂര്‍ണിമ റാവുവിന്റെ ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ആണ് പവിത്രന്‍ ആശുപത്രി വിട്ടത്. വീട്ടില്‍ കഴിയുന്നതിനിടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. പവിത്രന്റെ അത്ഭുതകരമായ തിരിച്ചുവരവ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു.