NEWSWorld

കോക്ക്പിറ്റില്‍ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; വിമാനം സുരക്ഷിതമായി നിലത്തിറക്കി കോപൈലറ്റ്

ഏതന്‍സ്: പറക്കലിനിടെ പൈലറ്റ് കോക്ക്പിറ്റില്‍ കുഴഞ്ഞുവീണപ്പോള്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് 160-ലേറെ യാത്രക്കാരുമായി സുരക്ഷിതമായി ലാന്റ് ചെയ്ത് രണ്ടാം (കോ) പൈലറ്റ്. ശനിയാഴ്ച ബ്രിട്ടീഷ് വിമാനക്കമ്പനിയായ ഈസിജെറ്റിന്റെ ഈജിപ്തില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിലാണ് അടിയന്തര സാഹചര്യമുണ്ടായത്. ഫസ്റ്റ് ഓഫീസറുടെ ആരോഗ്യസ്ഥിതി മോശമാവുകയും യാത്രക്കാര്‍ പരിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍, രണ്ടാം ഓഫീസര്‍ വിമാനം വഴിതിരിച്ചുവിട്ട് ഏതന്‍സ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

ഫെബ്രുവരി എട്ടിന് ഈജിപ്തിലെ ഹുര്‍ഗദ നഗരത്തില്‍ നിന്ന് ലണ്ടനിലെ ഹീത്രൂവിലേക്ക് പുറപ്പെട്ട ഈസി ജെറ്റിന്റെ എയര്‍ബസ് എ 320 – 200 എന്‍ വിമാനം രണ്ട് മണിക്കൂര്‍ പറന്നു കഴിഞ്ഞപ്പോഴാണ് ഒന്നാം പൈലറ്റിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. വിമാന ജീവനക്കാര്‍ കൂട്ടമായി കോക്ക്പിറ്റിലേക്ക് ഓടുകയും യാത്രക്കാരില്‍ ആരോഗ്യവിദഗ്ധരുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തത് വിമാനത്തിനുള്ളില്‍ പരിഭ്രാന്തമായ നിമിഷങ്ങള്‍ സൃഷ്ടിച്ചു. ഈ സമയം തെക്കുകിഴക്ക് ഏതന്‍സിന് 110 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു വിമാനം.

Signature-ad

അടിയന്തര സാഹചര്യം മനസ്സിലാക്കി നിയന്ത്രണം ഏറ്റെടുത്ത രണ്ടാം ഓഫീസര്‍ തൊട്ടടുത്തുള്ള ഏതന്‍സ് വിമാനത്താവളവുമായി ബന്ധപ്പെടുകയും വിമാനം വഴിതിരിച്ചുവിട്ട് മൂന്നാം ടെര്‍മിനലില്‍ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. ലാന്റിങ് സമയത്ത് റണ്‍വേയ്ക്കു സമീപം ഫയര്‍ എഞ്ചിനുകളും പൊലീസും ആരോഗ്യവിദഗ്ധരുമടക്കമുള്ള സംഘം സര്‍വസന്നദ്ധരായിരുന്നു. അസുഖബാധിതനായ പൈലറ്റിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി.

യാത്രക്കാര്‍ക്ക് അന്നുരാത്രി ഏതന്‍സില്‍ തങ്ങേണ്ടി വന്നുവെന്നും താമസ-ഭക്ഷണ സംവിധാനങ്ങളും തുടര്‍യാത്രയ്ക്കുള്ള സൗകര്യങ്ങളും ചെയ്തുവെന്നും ഈസിജെറ്റ് അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൈലറ്റിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിശദീകരണം ലഭ്യമായിട്ടില്ല.

മുന്നൂറിലേറെ എയര്‍ബസ് 320 വിമാനങ്ങളുമായി യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഈസിജെറ്റ് ലോകത്തെ സുരക്ഷിതമായ വിമാനക്കമ്പനികളില്‍ ഒന്നായാണ് എണ്ണപ്പെടുന്നത്. 1995-ല്‍ ആരംഭിച്ച ഈസിജെറ്റിന്റെ വിമാനങ്ങളില്‍ ഇതുവരെ വലിയ അപായസന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ ഫ്രാന്‍സിലെ ബോര്‍ഡോയില്‍ നിന്ന് സ്പെയിനിലെ ടെനറിഫിലേക്കു പറന്ന ഈസിജെറ്റ് വിമാനത്തിന്റെ എഞ്ചിന്‍ തകരാറായെങ്കിലും പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ സുരക്ഷിതമായി ഇറക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: