
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരന്‍ ഹരികുമാറിനെതിരെ കുട്ടിയുടെ അമ്മ ശ്രീതുവിന്റെ മൊഴി. ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല. മുമ്പും കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത കുട്ടിയെയും ഹരികുമാര്‍ ഉപദ്രവിച്ചിരുന്നു. നേരത്തേ ദേവേന്ദുവിനെ ദേഷ്യത്തില്‍ എടുത്തെറിഞ്ഞ സംഭവമുണ്ടായി. തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് മക്കളോട് ദേഷ്യപ്പെടുന്നതെന്നും ശ്രീതു പൊലീസിനോട് വെളിപ്പെടുത്തി.
ഹരികുമാറിന് പലപ്പോഴായി സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. അപ്പോഴൊക്കെ അതില്‍ നിന്നും രക്ഷിച്ചത് താനാണ്. അത്തരം ബന്ധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് താന്‍ താക്കീത് നല്‍കിയിരുന്നു. പിന്നീട് തനിക്ക് നേരെയും മോശമായ തരത്തില്‍ പെരുമാറ്റമുണ്ടായി എന്നും ശ്രീതു പൊലീസിനോട് പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന 30 ലക്ഷം രൂപ വീട് വാങ്ങുന്നതിനായി ഒരു സുഹൃത്ത് വാങ്ങിയെന്നും, പിന്നീട് ഈ പണം തന്നെ പറ്റിച്ച് തട്ടിയെടുത്തെന്നും ശ്രീതു പറഞ്ഞു. എന്നാല്‍ ശ്രീതുവിന്റെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.

അതേസമയം, ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകള്‍ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. തുടക്കം മുതലേ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ഹരികുമാര്‍, ഈ വിവരങ്ങളെല്ലാം മുന്നില്‍ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ശ്രീതുവും ഹരികുമാറും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. തൊട്ടടുത്ത മുറികളില്‍ കഴിയുമ്പോഴും ഇരുവരും വാട്സാപ്പ് വീഡിയോ കോളുകള്‍ വിളിച്ചു. ശ്രീതു മതപഠന ക്ലാസുകളിലും പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതിയായ ഹരികുമാര്‍ ജോലിക്കൊന്നും പോയിരുന്നില്ല. മുമ്പ് ഇയാള്‍ ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ മാറുന്നതിന് പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നുവെന്നും സൂചനയുണ്ട്. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ശ്രീതുവും ഹരികുമാറും നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകള്‍ പൊലീസിനെ സംശയത്തിലാക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കൃത്യത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണത്തിലാണ് പൊലീസ്. രാവിലെ തന്നെ മരിച്ച കുട്ടിയുടെ സഹോദരിയായ ഏഴു വയസ്സുകാരി, അമ്മൂമ്മ, കുട്ടിയുടെ അച്ഛന്‍ ശ്രീജിത്ത് എന്നിവരെ പൊലീസ് വിളിച്ചു വരുത്തി. ഹരികുമാറും ശ്രീതുവും പറഞ്ഞ മൊഴികളില്‍ വ്യക്തത തേടുകയാണ് പൊലീസിന്റെ ലക്ഷ്യം. കുട്ടിയുടെ അമ്മ ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഹരികുമാര്‍ സഹായിയായി പോയ പൂജാരിയില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. കിണറ്റില്‍ നിന്നും രണ്ടുവയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തപ്പോള്‍ കാര്യമായ ദുഃഖമൊന്നും ഹരികുമാറിലും ശ്രീതുവിലും കണ്ടിരുന്നില്ലെന്ന് നാട്ടുകാര്‍ സൂചിപ്പിക്കുന്നു.