
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം കോട്ടുകാൽക്കോണത്ത് മാതാപിതാക്കൾക്കൊപ്പം രാത്രി ഉറങ്ങാൻ കിടന്ന 2 വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് രണ്ടു വയസ്സുകാരിയെ കാണാനില്ലെന്നു മനസ്സിലാക്കുന്നത്. തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തുന്നത്. രാവിലെ 5 മണിയോടെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ഫോഴ്സുമെത്തി കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്യം ആരോപിക്കുന്നു. മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കൈവരികളുള്ള കിണറാണെന്നും കുട്ടി തനിയെ അവിടേക്ക് പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. രാവിലെ വിവരം അറിഞ്ഞ് എ. വിൻസൻ്റ് എംഎൽഎയും സ്ഥലത്തെത്തിയിരുന്നു.

കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നെന്നും കുടുംബം പറയുന്നുണ്ട്. തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു.
പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മയുടെ സഹോദരന്‍റെ മുറിയിലായിരുന്നു കുട്ടിയെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. വീട്ടുകാരുടേത് പരസ്പര ബന്ധമില്ലാത്ത മൊഴിയാണെന്നാണത്രേ. രണ്ട് ദിവസം മുൻപ് ഇതേ വീട്ടുകാർ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാൽ പോലീസ് കേസെടുത്തിരുന്നില്ല. കുഞ്ഞിൻ്റേത് കൊലപാതകമെന്ന് ഉറപ്പിച്ച പൊലീസ് 4 പേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയുടെ മുത്തച്ഛൻ 16 ദിവസങ്ങൾക്ക് മുൻപാണ് മരിച്ചത്.