![](https://newsthen.com/wp-content/uploads/2024/01/nurse98323.jpg)
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള തലസ്ഥാനത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിയമനത്തിനായി നെട്ടോട്ടമോടി 531 നഴ്‌സുമാര്‍. റാങ്ക് ലിസ്റ്റിന്റെ രണ്ടുവര്‍ഷ കാലാവധി അടുത്തമാസം ആറിന് അവസാനിക്കും. ഇതുവരെ നിയമനം നല്‍കിയത് 59 പേര്‍ക്ക് മാത്രം. ലിസ്റ്റില്‍ ഉള്ളവരുടെ 10 ശതമാനം മാത്രമാണിത്.
ഗവേണിംഗ് ബോഡി കനിഞ്ഞാല്‍ മാത്രമേ നിയമനം നടക്കൂ. ജീവനക്കാരുടെ ഇഷ്ടക്കാരെ താത്കാലിക നഴ്‌സുമാരായിനിയമിക്കാനാണ് നീക്കമെന്ന് ആക്ഷേപമുയര്‍ന്നു. റാങ്ക് ലിസ്റ്റ് കാലഹരണപ്പെടാന്‍ കാത്തിരിക്കുകയാണ് അവര്‍.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
2022 മാര്‍ച്ച് 23നാണ്‌നഴ്‌സിംഗ് ഓഫീസര്‍ എ തസ്തികയിലേക്ക് വിജ്ഞാപനമിറങ്ങിയത്. എഴുത്തു പരീക്ഷയും സ്‌കില്‍ ടെസ്റ്റും പാസായ 590പേരുടെ റാങ്ക് ലിസ്റ്റ് 2023 ഫെബ്രുവരി ആറിന് പ്രസിദ്ധീകരിച്ചു. പക്ഷേ, രണ്ടു വര്‍ഷത്തിടെ നിയമിച്ചത് 59പേരെ മാത്രം.
2010ല്‍ നടത്തിയ പരീക്ഷ പ്രകാരമുള്ള റാങ്ക് ലിസ്റ്റിലെ മിക്കവര്‍ക്കും നിയമനം ലഭിച്ചിരുന്നു.അന്നത്തെ ഗവേണിംഗ് ബോഡി ഇതിനായി റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടുകയും ചെയ്തു. ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് വന്നിട്ടും താത്കാലികക്കാരെ പിരിച്ചുവിട്ടില്ലെന്നും ഇഷ്ടക്കാരെ തിരികി കയറ്റാനായി ചില ഏജന്‍സികളെ നിയോഗിച്ചെന്നും ആക്ഷേപമുണ്ട്.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം 230 കോടി ചെലഴിച്ച് പണിത പുതിയ ഒന്‍പത് നിലകെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസം 20ന് നിശ്ചയിച്ചിരിക്കുകയാണ്. അവിടേക്ക് 400ഓളം നഴ്‌സുമാരെ വേണമെന്നാണ് വിവരം. എന്നിട്ടും റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാനോ അതിന്റെ കാലാവധി നീട്ടാനോ ഗവേണിംഗ് ബോഡി തയ്യാറാകുന്നില്ല. പേ വാര്‍ഡുകള്‍ ഉള്‍പ്പെടെ 170കിടക്കകളാണ് പുതിയ കെട്ടിടത്തിലുള്ളത്. ആദ്യമായാണ് ചിത്രയില്‍ പേവാര്‍ഡ് വരുന്നത്.