
ദുബൈയിൽ വൻ നിക്ഷേപം നടത്തിയവരുടെ സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. ദുബൈയിൽ വസ്തുവകകൾ വാങ്ങിക്കൂട്ടിയവരും മറ്റ് ബിസിനസ്സിൽ പണം മുടക്കിയവരുമായ വൻസ്രാവുകളുടെ ആസ്തി വിവരങ്ങൾ കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മലയാള സിനിമാ താരങ്ങൾ, പ്രമുഖ ബിസിനസുകാർ, രാഷ്ട്രീയത്തിലെ ഉന്നതർ, പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവർ തുടങ്ങി നിരവധി വ്യക്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിലാണ്.
ഇവർക്കെല്ലാം നോട്ടീസ് അയച്ചു തുടങ്ങി. ദുബൈയിൽ വസ്തുവകകൾ വാങ്ങിയ പലരും വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചതായും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായും ഇ.ഡി സംശയിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണം, അഴിമതിപ്പണം തുടങ്ങിയവയിൽ ദുബൈയിൽ നിക്ഷേപം നടത്തുന്നത് വ്യാപകമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ ഈ നടപടി.

ദുബൈയിൽ ഷെൽ കമ്പനികൾ സ്ഥാപിച്ച് കള്ളപ്പണ ഇടപാടുകൾ നടത്തുന്നുവെന്ന ആരോപണവും ഉയർന്ന സാഹചര്യത്തിൽ ചില മലയാള സിനിമാ താരങ്ങളും ഇ ഡിയുടെ നിരീക്ഷണ വലയത്തിലുണ്ട്.
ദുബൈയിൽ വീടുകളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയവർക്ക് പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടാണ് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്.