![](https://newsthen.com/wp-content/uploads/2025/01/tvm-gopan-swami-5.jpg)
തിരുവനന്തപുരം: ഗോപന്‍ സ്വാമിയുടെ സമാധിയായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ കേരളക്കരയാകെ ചര്‍ച്ചയായ വിഷയം. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. കേരളത്തില്‍ അടുത്തിടെയൊന്നും കേട്ടുകേള്‍വിയില്ലാത്ത സമാധി വിവാദത്തിന് കേരള പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടാണ് അവസാനം കുറിച്ചത്. മക്കള്‍ ഒരുക്കിയ ‘സമാധി പീഠം’ പൊളിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. പിന്നീട് ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ മക്കള്‍ വീണ്ടും സമാധിയിരുത്തുകയായിരുന്നു.
നെയ്യാറ്റിന്‍കര കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിന് സമീപത്താണ് ഗോപനെ സമാധിയിരുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജാരികൂടിയായ മകന്‍ രാജസേനനാണ് പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. തന്റെ അച്ഛന്‍ ഗോപന്‍ സ്വാമിയല്ലെന്നും ദൈവമാണെന്നും മകന്‍ രാജസേനന്‍ പറയുന്നു. ദൈവത്തെ കാണാന്‍ ഒരുപാട് തീര്‍ത്ഥാടകര്‍ അവിടെ എത്തുന്നുണ്ടെന്നും മകന്‍ പറയുന്നു.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
‘തന്റെ അച്ഛന്‍ ആരാണെന്ന് ലോകം അറിയണം. സമാധിയിരുത്തണമെന്ന് അച്ഛന്‍ പറഞ്ഞു. അങ്ങനെ ചെയ്തത് കൊണ്ട് മാത്രമാണ് അച്ഛനെ ലോകം അറിഞ്ഞത്. ഒരുപാട് തീര്‍ത്ഥാടകര്‍ ഇവിടെ എത്തുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്നും എത്തുന്നുണ്ട്. ഭഗവാന്‍ എന്താണോ നിശ്ചയിക്കുന്നത് തീര്‍ച്ചയായും അത് നടക്കുന്നതായിരിക്കും. ഈശ്വരന്‍ നിശ്ചയിക്കുന്നതിനപ്പുറത്തേക്ക് ഈ ലോകത്ത് ഒന്നും ഇല്ല. എല്ലാ ജാതിമത വിഭാഗങ്ങളും ഈശ്വരനെ തൊഴാന്‍ ഇവിടെ എത്തുന്നതായിരിക്കും’- മകന്‍ രാജസേനന്‍ പറഞ്ഞു.
എന്നാല്‍ മകന്‍ പറയുന്നത് പോലെ അവിടെ തീര്‍ത്ഥാടകര്‍ ആരും തന്നെ എത്തുന്നില്ലെന്നാണ് വിവരം. സ്വകാര്യ ചാനലിന്റെ പ്രതിനിധി മണിക്കൂറുകളോളം അവിടെ ചെലവഴിച്ചിട്ടും ഒരാള്‍ പോലും അവിടെ തൊഴാന്‍ എത്തിയിട്ടില്ല. രണ്ടാമത് സംസ്‌കാരം നടന്ന ചടങ്ങുകള്‍ക്ക് കുറച്ച് ഹിന്ദു സംഘടനകളുടെ സാന്നിദ്ധ്യം ഉണ്ടായതൊഴിച്ചാല്‍ മലയാളികളും സോഷ്യല്‍ മീഡിയയും ഗോപനെയും സമാധിയെയും മറന്ന മട്ടാണ്.