CrimeNEWS

ഭാര്യയുടെ പീഡനത്തെക്കുറിച്ച് ശവപ്പെട്ടിയിലെഴുതി സംസ്‌കാരം; ആത്മഹത്യക്കുറിപ്പിലെ ആവശ്യം നിറവേറ്റി ബന്ധുക്കള്‍

ബംഗളൂരു: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റര്‍ എന്ന യുവാവാണ് ഭാര്യ ഫീബെക്കെതിരെ (പിങ്കി) ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചതിനുശേഷം ജീവനൊടുക്കിയത്.

‘അച്ഛന്‍ എന്നോട് ക്ഷമിക്കണം. പിങ്കി എന്നെ കൊല്ലുകയാണ്. എന്റെ മരണമാണ് അവള്‍ ആഗ്രഹിക്കുന്നത്. മാനസികമായി തളര്‍ന്നു, ജോലി പോയി, മനസമാധാനം ഇല്ല. ഇനിയിങ്ങനെ ജീവിക്കാന്‍ വയ്യ. ഭാര്യയുടെ പീഡനമാണ് മരണത്തിന് കാരണം എന്ന് എന്റെ ശവപ്പെട്ടിയില്‍ എഴുതിവയ്ക്കണം’-എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

Signature-ad

കഴിഞ്ഞ മൂന്നുമാസത്തോളമായി ദമ്പതികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ പോയ ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇരുവരും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. പ്രശ്നങ്ങള്‍ രൂക്ഷമായതോടെ രണ്ടുപേരും രണ്ടിടത്തായിരുന്നു താമസം. വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കേസ് നടക്കുകയാണ്. ഇതിനിടെ നഷ്ടപരിഹാരമായി പിങ്കി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതും പീറ്ററിനെ തളര്‍ത്തിയെന്ന് സഹോദരന്‍ ജോയല്‍ പറഞ്ഞു.

മകനെ ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയെന്ന് പീറ്ററുടെ പിതാവ് ഒബ്ബയ്യ ആരോപിച്ചു. പീറ്ററിനോട് വഴക്കിട്ട് പിങ്കി സ്വന്തം വീട്ടിലേയ്ക്ക് പോയി. തിരികെ വിളിച്ചപ്പോള്‍ ഇനി പീറ്റര്‍ മരിച്ചെന്ന് കേട്ടാലും തിരികെ വരില്ല എന്നായിരുന്നു മറുപടി. പിങ്കിയുടെ സഹോദരനാണ് 20 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഒരിക്കല്‍ മകന്‍ ഓഫീസിലായിരുന്നപ്പോള്‍ പിങ്കി വിളിച്ചു. ഫോണിലൂടെ രണ്ടുപേരും വഴക്കായി. ഇതോടെ ഓഫീസില്‍ മോശമായി പെരുമാറിയെന്ന് പറഞ്ഞ് പീറ്ററുടെ ജോലി പോയെന്നും പിതാവ് പറഞ്ഞു.

സംഭവത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ആത്മഹത്യാക്കുറിപ്പടക്കം പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: