തിരുവനന്തപുരം: പി.വി അന്‍വറിന്റെ മുന്നണിപ്രവേശനത്തില്‍ യുഡിഎഫ് തിരക്കിട്ട് തീരുമാനം എടുക്കില്ല. കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടയിലെ അഭിപ്രായം . കെപിസിസി ഭാരവാഹി യോഗത്തിലും വിഷയം ചര്‍ച്ചയാവും. യുഡിഎഫില്‍ ഏതെങ്കിലും ഘടകക്ഷികള്‍ വിഷയം ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യും.
അതേസമയം അന്‍വര്‍ ഇന്ന് തിരുവനന്തപുരത്തെത്തി യുഡിഎഫ് നേതാക്കളെ കണ്ടേക്കും. മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് അടുത്ത യുഡിഎഫ് യോഗത്തിന് മുന്‍പായി അന്‍വര്‍ നല്‍കും. യുഡിഎഫുമായി സഹകരിക്കുന്നതിന് നിലമ്പൂര്‍ സീറ്റ് തടസ്സമായി നില്‍ക്കില്ലെന്നാണ് അന്‍വറിന്റെ നിലപാട്. വന നിയമത്തില്‍ ഭേദഗതിക്കെതിരെയുള്ള പോരാട്ടം കേരളത്തില്‍ നിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നല്‍കണമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അതിനിടെ അന്‍വറിന്റെ നീക്കങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് രംഗത്തെത്തിയിട്ടുണ്ട്.
ഓഫീസ് പൊളിക്കലല്ല യുഡിഎഫ് പ്രവേശനത്തിനുള്ള മാനദണ്ഡമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഒമ്പത് കൊല്ലം എംഎല്‍എയായിരുന്ന പി.വി അന്‍വര്‍ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ഒന്നും ചെയ്തില്ല. അന്‍വറിന്റെ വരവോടെ ജില്ലയിലെ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അനൈക്യമുണ്ടാകുമോ എന്ന കാര്യം കൂടി വിലയിരുത്തി വേണം നേതൃത്വം തീരുമാനമെടുക്കാനെന്നും അദ്ദേഹം അറിയിച്ചു.
അന്‍വറിന്റെ യുഡിഎഫ് പ്രവേശനം പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തന്നെ അന്‍വര്‍ വിളിച്ച് നന്ദി പറഞ്ഞു. വയനാട്ടിലെ വിവാദത്തില്‍ അന്വേഷണ റിപ്പേര്‍ട്ട് വന്ന ശേഷം പ്രതികരിക്കാമെന്നും ചെന്നിത്തല പറഞ്ഞു. എ.എന്‍ കൃഷ്ണദാസിനെതിരായ നടപടി സിപിഎമ്മിന്റെ പുകമറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.