NEWSWorld

ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ‘സുട്ടിടുവേന്‍’! ഹമാസിന് ട്രംപിന്റെ ഭീഷണി

വാഷിങ്ടണ്‍: ജനുവരി 20ന് മുന്‍പ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ മുച്ചൂടും മുടിക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്നാണ് യുഎസിന്റെ 47ാം പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ കയറുന്നത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണ നാശമെന്നാണു ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്‌ലോറിഡയിലെ മാര്‍ അ ലാഗോയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്.

”ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണമായും നശിപ്പിക്കും. നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളില്‍ ഇടപെടണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അധികാരത്തില്‍ കയറുന്നതിനുമുന്‍പു ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യയില്‍ തീമഴ പെയ്യും. ഇതു ഹമാസിനു ഗുണം ചെയ്യില്ല. ആര്‍ക്കും ഗുണം ചെയ്യില്ല. ഇതില്‍ക്കൂടുതല്‍ ഞാന്‍ പറയുന്നില്ല. അവരെ നേരത്തേതന്നെ വിട്ടയയ്‌ക്കേണ്ടതായിരുന്നു. അവരെ ബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു” ഹമാസുമായുള്ള അനുരഞ്ജനശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവേയായിരുന്നു പ്രതികരണം.

Signature-ad

ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണു നില്‍ക്കുന്നതെന്നു മധ്യപൂര്‍വേഷ്യയിലേക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതന്‍ ചാള്‍സ് വിറ്റ്കോഫ് പറഞ്ഞു. ”എന്താണ് വൈകുന്നതെന്ന് ഇപ്പോള്‍ ഞാന്‍ പറയുന്നില്ല. ട്രംപ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രകാരം ഈ അനുരഞ്ജനം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നു. നാളെ വീണ്ടും ദോഹയിലേക്കു പോകുകയാണ്. ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ മികച്ച ഒരു വാര്‍ത്ത പറയാനുണ്ടാകും” വിറ്റ്‌കോഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: